ഗാര്‍ലന്റിലെ ഏക ആശുപത്രി അടച്ചു പൂട്ടുന്നു: തൊഴില്‍ നഷ്ടമാകുന്നത് 711 പേര്‍ക്ക്

പി. പി. ചെറിയാന്‍

ഗാര്‍ലന്റ് (ഡാലസ്): ഡാലസ് കൗണ്ടി ഗാര്‍ലന്റ് സിറ്റിയിലെ ആധുനിക സൗകര്യങ്ങളോടുകൂടെ പ്രവര്‍ത്തിച്ചിരുന്ന ഏക ആശുപത്രി പ്രവര്‍ത്തനമവസാനിപ്പിക്കുന്നു. 53 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രോഗികള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് ബെയ് ലര്‍ സ്‌കോട്ട് ആന്റ് വൈറ്റ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി 16 മുതല്‍ പുതിയ അഡ്മിഷന്‍ നിര്‍ത്തലാക്കി മാസാവസനത്തോടെ പൂര്‍ണ്ണമായും അടച്ചിടാനാണ് പദ്ധതി. ഇതോടെ 711 ല്‍ പരം ജീവനക്കാരുടെ തൊഴില്‍ നഷ്ടമാകും. ജോലി നഷ്ടപ്പെടുന്ന ഭൂരിഭാഗം ജീവനക്കാരേയും മറ്റു സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബെയ് ലര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ബെയ് ലര്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഗാര്‍ലന്റ് ബെയ് ലര്‍ ആശുപത്രിയില്‍ നല്ലൊരു ശതമാനം ജീവനക്കാരും ഇന്ത്യന്‍ വംശജരാണെന്നും ഇതില്‍ ഭൂരിഭാഗവും മലയാളികളാണെന്നും ഇവരുടെ ഭാവി എന്തായിരിക്കും എന്നുള്ള ഭയത്തിലാണ് ഇവരുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങള്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി വലിയ സാമ്പത്തിക നഷ്ടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്.