മഞ്ഞു പൊഴിയാന്‍ തുടങ്ങുന്ന കുളിരുള്ള ക്രിസ്തുമസ് കാലം സമാഗതമായി. മാനത്തും മനസ്സിലും ആയിരം കുഞ്ഞു നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങാന്‍ തുടങ്ങി. സമാധാനത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും പുതിയ പ്രതീക്ഷകള്‍ മാനവരാശിക്ക് പ്രദാനം ചെയ്യാന്‍ പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയേശുവിനെ സ്മരിക്കുവാന് വീണ്ടും വര്ഷാവസ്സാനത്തിലെ ആഹ്ലാദ ദിനങ്ങള്‍. 2017 ലെ സാന്റാക്ലോസ് ആദ്യമായി വന്നിറങ്ങിയത് ഒഹായോയിലെ സിന്‍സിനാറ്റിയില്‍ ആയതിനാല്‍ ഡിസമ്പര്‍ രണ്ടിന് ഇവിടുത്തെ മലയാളി സമൂഹമായ കൈരളി വീണ്ടും ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. പുതുതായി ഈ പ്രദേശങ്ങളിലേക്ക് വന്നവരെ സ്വാഗതം ചെയ്തുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ സാമൂഹ്യ സേവന രംഗങ്ങളില്‍ സേവനം ചെയ്ത കൈരളി അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. ഹൃദ്യമായ ഗാനങ്ങളും, വിവിധ കളികളും ഡാന്‍സുകളും ഈ സായം സന്ധ്യക്ക് മികവേകി.
കുട്ടികള്‍ ആലപിച്ച കരോള്‍ ഗാനങ്ങള്‍ അത്യന്തം മനോഹരമായിരുന്നു. സാന്റാക്ലോസ് കുട്ടികള്‍ക്ക് സമ്മാനപ്പൊതികള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്കായി മിനിറ്റ് ടു വിന് മത്സരങ്ങള്‍, ദമ്പതികള്‍ക്കായി ബലൂണ്‍ ഡാന്‍സ്, ലേഡീസ് ഫ്ലാഷ് മോബ് തുടങ്ങിയവ തികച്ചും വ്യത്യസ്തമായ പരിപാടികള്‍ ആയിരുന്നു. ഹര്ഷന്, സുബ്ബു, സൂസന് തുടങ്ങിയവര്‍ ഗൃഹാതുരത്വം തൊട്ടുണര്‍ത്തുന്ന പഴയ ഹിന്ദി മലയാളം ഗാനങ്ങള്‍ പാടി സദസ്യരെ പുളകം കൊള്ളിച്ചു. കൂടാതെ ആദ്യമായി പങ്കെടുത്ത ഫാമിലികള്‍ക്കായി ക്രിസ്തുമസ് ആശംസകള്‍ സഹിതമുള്ള ഗിഫ്റ്റ് ഏക്സ്ച്ചേഞ്ച് നടത്തിയതും പുതുമയുള്ളതായിരുന്നു. വന്നവര്‍ക്കെല്ലാം ക്രിസ്തുമസ്സിന്റെ ഫാമിലി ഫോട്ടോകള്‍ എടുത്ത് നല്‍കാനും സംഘാടകര്‍ മറന്നില്ല.
വിഭിന്നമായ രീതിയില്‍ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും കേരളീയ ഭക്ഷണങ്ങളും സംയോജിപ്പിച്ച ക്രിസ്തുമസ് ഡിന്നര്‍ ആസ്വാദ്യകരമായിരുന്നു. തുടര്‍ന്ന് വിവിധ ഭാഷകളിലെ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ഓപ്പണ്‍ ഫ്ലോര്‍ ഡാന്‍സുകള്‍ രാവിന് നിറപ്പകിട്ടേകി. സിന്‍സിനാറ്റിയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഹൃദ്യാ വാര്യര്‍ക്ക് പുറമേ ഇക്കൊല്ലത്തെ കമ്മറ്റിയില്‍പെട്ട ഈശ്വരി നമ്പൂതിരി, ജേക്കബ് തോമസ്, ശാന്തി നായര്‍, ഗോപകുമാര്‍ നായര്‍, മിനി പത്രോസ്, അഭിലാഷ് കടുതാനം, ഭാരതി സുമിത്, ഭവ്യ മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി സമുചിതമായി കൊണ്ടാടി.