ബി.ജെ.പിയെ മറികടക്കുന്ന തന്ത്രം മെനയാന്‍ കോണ്‍ഗ്രസിനായില്ലെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി

അഹമദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മറികടക്കുന്ന തന്ത്രം മെനയാന്‍ കോണ്‍ഗ്രസിനായില്ലെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഒരു മലയാളം ചാനലിനോട് പ്രതികരിക്കവെയാണ് മേവാനിയുടെ പരാമര്‍ശം. അല്‍പം കൂടി പരിശ്രമിച്ചിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താനാവുമായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്‍.സി.പി, ബി.എസ്.പി തുടങ്ങിയ ചെറു സംഘടനകളുമായി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതീക്ഷ കൈവിടേണ്ടെന്ന സൂചിപ്പിച്ച അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് മോദിയെ പാഠം പഠിപ്പിച്ചു. രണ്ട് പതിറ്റാണ്ടായി ബി.ജെ.പിയെ സഹിക്കുകയായിരുന്നു ഇവിടുത്തെ ജനങ്ങള്‍. ഏറെക്കുറെ ജനങ്ങല്‍ക്ക് കാര്യങ്ങല്‍ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ വോട്ടര്‍മാര്‍ ഹിന്ദുത്വ പ്രചാരണങ്ങലില്‍ വശംവദരായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമിത് ഷാ,മോദി, ആദിത്യനാഥ്, രൂപാണി തുടങ്ങി പ്രമുഖരെല്ലാം തനിക്കെതിരെ പ്രചാരണം നടത്തിയിട്ടുണ്ട്. എന്നിട്ടും താന്‍ വിജയിച്ചെന്ന് മേവാനി പറഞ്ഞു. തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം തികച്ചും അസംബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.