ന്യൂഡല്‍ഹി: ഏറെക്കാലത്തിനു ശേഷം രാജ്യസഭയില്‍ എത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കന്നിപ്രസംഗം തന്നെ ബഹളത്തില്‍ മുങ്ങി. മന്‍മോഹന്‍ സിങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച പാക് ബന്ധ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് സഭയില്‍ ബഹളം വച്ചത്. ഇതോടെ കായിക വിഷയത്തില്‍ സംസാരിക്കാന്‍ നോട്ടീസ് നല്‍കിയ സച്ചിന്റെ പ്രസംഗം തടസ്സപ്പെട്ടു.
10 മിനിറ്റ് നേരം, ചിരിച്ചുകൊണ്ട് സച്ചിന്‍ ഒരേ നില്‍പ്പ് നിന്നു. സഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു കോണ്‍ഗ്രസ് അംഗങ്ങളോട് ശാന്തരാവാന്‍ നിര്‍ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സഭ തല്‍ക്കാലത്തേക്ക് സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
പിന്നീട് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ രാജ്യത്തെ കായിക മേഖലയുടെ ഭാവിയെപ്പറ്റിയാണ് സച്ചിന്‍ തന്റെ കന്നിപ്രസംഗത്തില്‍ സംസാരിച്ചത്. അന്താരാഷ്ട്ര മെഡല്‍ ജേതാക്കളെ സെന്‍ട്രല്‍ ഹെല്‍ത്ത് ഗ്വാരന്റീ സ്‌ക്കീം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.