ആര്‍.കെ നഗര്‍ വോട്ടെണ്ണല്‍ തുടങ്ങി; വോട്ടെണ്ണല്‍ കനത്ത സുരക്ഷയില്‍

ചെന്നൈ: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ മുന്നിട്ട് നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. എ.ഐ.എ.ഡി.എം.കെ വിമതനായിട്ടാണ് ദിനകരന്‍ മത്സരിച്ചത്. എക്‌സിറ്റ്‌പോള്‍ ഫലവും ദിനകരന് അനുകൂലമായിരുന്നു.

എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ഡി.എം.കെയുടെ മരുത് ഗണേഷാണ് മൂന്നാമത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെയുള്ള ഒരു പോസ്റ്റല്‍ വോട്ട് ഡി.എം.കെയ്ക്ക് ലഭിച്ചു.

കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 2000 പൊലിസുകാരെയും 15 കമ്പനി സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

77.68 ശതമാനമാണ് ഈ മാസം 21ന് നടന്ന തെരഞ്ഞെടുപ്പില്‍ പോളിങ് രേഖപ്പെടുത്തിയത്. മണ്ഡലം ആര്‍ക്കൊപ്പമാണെന്നത് പത്ത് മണിയോടെ വ്യക്തമാവുമെന്നാണ് റിപ്പോര്‍ട്ട്. ശശികല വിഭാഗമായ ദിനകരനും ഇ.പി.എസ്- ഒ.പി.എസ് കൂട്ടുകെട്ടിനും തെരഞ്ഞെടുപ്പ് ഒരുപോലെ നിര്‍ണായകമാണ്. എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗങ്ങളും ഡി.എം.കെ.യും വാശിയോടെ പോരാടിയ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.