കരുണാകരന്റെ രാജി; പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം.എം ഹസന്‍

തിരുവനന്തപുരം:ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. പരാമര്‍ശത്തിന് അനാവശ്യ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. ഏറെ കാലമായി മനസ്സിലുണ്ടായിരുന്നതാണ് പറഞ്ഞത്. പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടോയെന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിലാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതില്‍ ഖേദിക്കുന്നുവെന്ന് ഹസന്‍ പറഞ്ഞത്.

മുഖ്യമന്ത്രി പദവിയില്‍ കാലാവധി പൂര്‍ത്തീകരിക്കാന്‍ കരുണാകരനു അവസരം കൊടുക്കേണ്ടതായിരുന്നു. അദ്ദേഹത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രചാരണം നടക്കുമ്പോള്‍ ഒരു കാരണവശാലും പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട വ്യക്തിയായിരുന്നു എ.കെ ആന്റണി. കരുണാകരനെ രാജിയിലേക്ക് നയിച്ചത് എ.കെ ആന്റണിയാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ ഘട്ടത്തിലും അദ്ദേഹം മൗനംപാലിച്ചു. പി.ടി ചാക്കോയെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കിയപ്പോഴാണ് പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടായത്. കരുണാകരനെ പുറത്താക്കിയാല്‍ കോണ്‍ഗ്രസിന് അത് ദൂഷ്യമുണ്ടാക്കുമെന്ന് ആന്റണി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.