കുല്‍ഭൂഷണ്‍ ജാദവ് ഭീകരവാദി തന്നെയെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് ഭീകരവാദി തന്നെയെന്ന് പാകിസ്താന്‍. അമ്മയും ഭാര്യയും ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലെത്തി ജാദവിനെ സന്ദര്‍ശിച്ചു മടങ്ങിയതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് പാകിസ്താന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഭീകരവാദിയാണെന്ന് ജാദവ് പലവട്ടം സമ്മതിച്ചിട്ടുള്ളതാണ്. ബലൂചിസ്താനില്‍ നിരവധിപ്പേരുടെ കൊലയ്ക്ക് ജാദവ് ഇടയാക്കി. ജാദവ് പാകിസ്താനിലെ ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമാണെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം കുല്‍ഭൂഷണ്‍ ആരോഗ്യവാനാണെന്ന് പാക് വക്താവ് മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കുല്‍ഭൂഷണിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

അമ്മയും ഭാര്യയും കുല്‍ഭൂഷണുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി. സിംഗിന്റെയും ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന്റെ മൂന്ന് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച പാക് മാധ്യമങ്ങള്‍ക്ക് ചിത്രീകരിക്കാന്‍ അനുമതിയും നല്‍കിയിരുന്നു.

കുടുംബത്തെ കാണാന്‍ അനുവദിച്ചതിന് കുല്‍ഭൂഷണ്‍ ജാദവ് പാകിസ്താന് നന്ദി പറഞ്ഞു. തന്റെ ആവശ്യപ്രകാരമാണ് കുടുംബത്തെ കാണാന്‍ അനുവദിച്ചത്. അവസരമൊരുക്കിയ പാകിസ്താന് നന്ദിയുണ്ടെന്നും കുല്‍ഭൂഷണ്‍ പറഞ്ഞു.