ഭൂമിവിവാദം:ആലഞ്ചേരിയെ കര്‍ദ്ദിനാള്‍പദവിയിൽ നിന്ന് നീക്കണമെന്ന് വൈദികർ

കൊച്ചി: കുറഞ്ഞ നിരക്കില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ സ്ഥലം വില്‍ക്കാന്‍ കൂട്ടുനിന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം വൈദികര്‍. കര്‍ദ്ദിനാള്‍ പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഇവർ രംഗത്തുവന്നു. തങ്ങള്‍ക്ക് ബിഷപ്പുമാരുടെ പിന്തുണയുണ്ടെന്ന് ഇവര്‍ അവകാശപ്പെടുമ്പോള്‍ കര്‍ദ്ദിനാളിനെതിരെ നടക്കുന്നത് ആസൂത്രിതമായ നീക്കമാണെന്ന് സേവ് സീറോ മലബാര്‍ ഫോറം ആരോപിച്ചു.

എറണാകുളം-അങ്കമാലി രൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. മെഡിക്കല്‍ കോളജ് എന്ന ആശയം ഇടയ്ക്ക് ഉപേക്ഷിക്കപ്പെട്ടതോടെ ഭൂമി വാങ്ങിയ ഇനത്തില്‍ പ്രതിവര്‍ഷം ആറുകോടി രൂപ സഭയ്ക്ക് പലിശയിനത്തില്‍ അടയ്‌ക്കേണ്ടി വന്നു. ഇപ്പോൾ ഈ കടം 90 കോടിയായി വര്‍ധിച്ചു. ഇതേതുടര്‍ന്ന് വൈദിക സമിതിയോഗം ചേര്‍ന്ന് സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റ് കടം വീട്ടാന്‍ തീരുമാനിച്ചു.

ഇതിലേക്കായി എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിന് സമീപമുള്ള 69 സെന്റ്, തൃക്കാക്കരയിലെ കൊല്ലംകുടി മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. സെന്റിന് 9,50,000 രൂപ വീതം 27 കോടിക്ക് സ്ഥലം വില്‍ക്കാനാണ് വൈദിക സമിതിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ വിറ്റ് ആധാരം രജിസ്ട്രാക്കിയശേഷം ലഭിച്ചത് ഒന്‍പത് കോടി രൂപ മാത്രമായിരുന്നു.

ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്ക് സമീപമുള്ള മുട്ടത്തുപാറയില്‍ 25 ഏക്കര്‍ റബ്ബര്‍തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവും ലഭിച്ചു. ഇത്തരത്തില്‍ പണം ലഭിക്കുന്നതിനു മുമ്പ് ആധാരങ്ങളില്‍ ഒപ്പിട്ടുനല്‍കിയെന്നതാണ് കര്‍ദ്ദിനാളിനെതിരെ ആരോപണവുമായി രംഗത്തുവരാന്‍ വൈദികരെ പ്രേരിപ്പിച്ചത്. ഭൂമി വിറ്റ വകയില്‍ ലഭിച്ചതുള്‍പ്പെടയുള്ള 12 കോടി രൂപ കണക്കില്‍ വരവുവെച്ചിട്ടില്ലെന്നും വൈദികര്‍ ആരോപിക്കുന്നു.

3.5 ഏക്കര്‍ ഭൂമി സഭയ്ക്ക് നഷ്ടപ്പെട്ടു. എന്നിട്ടും ഇതുകൊണ്ട് പ്രയോജനമൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോപിക്കുന്നു. പ്രതിദിനം ഇപ്പോഴും മൂന്നുലക്ഷം രൂപ പലിശയായി നല്‍കുന്നു. കടം 90 കോടിയായി വര്‍ധിക്കുകയും ചെയ്തു.

ഭൂമി വിവാദം അന്വേഷിക്കാന്‍ ആറംഗ സംഘത്തെ കര്‍ദ്ദിനാള്‍ നിയോഗിച്ചിരുന്നു. ഈ കമ്മിഷന്റെ റിപ്പോര്‍ട്ട് ജനുവരി 31നാണ് സമര്‍പ്പിക്കുക. എന്നാല്‍, റിപ്പോര്‍ട്ടിനു കാത്തിരിക്കാതെയാണ് ഇപ്പോള്‍ വിവാദം കത്തുന്നത്. ഈ കമ്മറ്റിയില്‍ ഉണ്ടായിരുന്ന രണ്ട് വൈദികര്‍ കമ്മറ്റിയില്‍ നിന്ന് രാജിവച്ചിരുന്നു. കമ്മിഷന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ കര്‍ദ്ദിനാളിനും രണ്ട് വൈദികര്‍ക്കും വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ദ്ദിനാള്‍ മാറിനില്‍ക്കണമെന്ന ആവശ്യം ഉയരുന്നത്.

ക്രിസ്മസ് ദിനത്തില്‍ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ക്രിസ്മസ് കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയതെങ്കിലും യഥാര്‍ത്ഥകാരണം ഇതാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ആലഞ്ചേരിയെ കരിവാരിത്തേയ്ക്കുവാന്‍ നടക്കുന്ന ശ്രമമാണിതെന്ന് സേവ് സീറോ മലബാര്‍ ഫോറം പറഞ്ഞു.
സഭയില്‍ ആരാധനക്രമങ്ങളിലടക്കം മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ഒരുവിഭാഗം ആലഞ്ചേരിയെ കരിവാരിത്തേക്കുകയാണ്.

ഭൂമിയിടപാടുകളില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നത് ഇനിയും വ്യക്തമാകാത്ത സാഹചര്യത്തില്‍ ചിലര്‍ സഭാംഗങ്ങളെന്ന നിലയില്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രതികരണങ്ങള്‍ സ്ഥാപിതതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ്. കര്‍ദിനാളിനെതിരെ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി ചില പുരോഹിതര്‍ രംഗത്ത് വന്നത് അത്യന്തം അപലപനീയമാണ്. ഇത്തരക്കാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണം.

കൃത്യമായ നീതി നിര്‍വഹണ സംവിധാനമുള്ള കത്തോലിക്കാസഭയില്‍ വിഷയം ഉന്നയിക്കുകയയോ പരാതി ബോധിപ്പിക്കുകയോ ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തലുകളുമായി എത്തുന്നവരുടെ ലക്ഷ്യം ജനങ്ങള്‍ മനസിലാക്കും. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പക്വത കാണിക്കണമെന്നും സംഘടനാ ഭാരവാഹികളായ കെന്നഡി കരിമ്പന്‍ കാലായില്‍, സാം കാവുമണ്ണില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.