Cover Story : ഭാരതപ്പുഴയുടെ തീരത്ത് ഒരു സ്വപ്‌ന സാമ്രാജ്യം..

വരൂ ..പ്രകൃതിയെ തൊട്ടറിഞ്ഞു നിളാതീരത്ത് താമസിക്കാം ..

-അനിൽ പെണ്ണുക്കര-
താമസം ഏറുമാടത്തില്‍ ..അതും കുടുംബത്തോടൊപ്പം. മക്കളെ സ്‌കൂളിലേക്ക് അയക്കുന്നില്ല. പഠനം പ്രകൃതിയില്‍ നിന്ന്. ഭാരതപ്പുഴയുടെ തീരത്ത് ഇങ്ങനെയൊരു കുടുംബമുണ്ട്. കൊല്ലം ചവറ സ്വദേശിയായ മോഹനനും കുടുംബവും ജീവിക്കുന്നതിങ്ങനെയാണ്. ശില്‍പ്പിയും ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ചവറ മോഹന്‍ ഈ കുടുംബത്തിലെ നാഥന്‍. ഒന്നിച്ചു കാണുന്ന കിനാക്കളെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ ഭാര്യ രുക്മിണിയും മക്കള്‍ സൂര്യയും ശ്രുതിയും ഒപ്പമുണ്ട് .ഈ കുടുംബത്തിന്റെ നേതൃത്വത്തിൽ പ്രകൃതിയെ നോവിക്കാതെ വൈവിധ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ട് ഒരു കൂട്ടായ്മ. അതാണ് ഒറ്റപ്പാലം  മാന്നാന്നൂരിലെ ജൈവ ഗ്രാമം. മോഹനൊപ്പം പതിനാലു കുടുംബങ്ങളാണ് ജൈവഗ്രാമത്തില്‍ ഒന്നിച്ച് ജീവിക്കാനൊരുങ്ങുന്നത്.
ചവറ മോഹനനും ഭാര്യ രുക്മിണിയും
ചവറ മോഹനനും ഭാര്യ രുക്മിണിയും
ഭാരതപ്പുഴയുടെ തീരത്ത് ഒരു സ്വപ്‌ന സാമ്രാജ്യം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. മണ്ണിനെയും പ്രകൃതിയേയും സ്‌നേഹിച്ച് നല്ല മനുഷ്യരാകാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടായ്മ. പതിനഞ്ച് കുടുംബങ്ങള്‍, ഒരുപക്ഷേ രാജ്യത്തിന് തന്നെ മാതൃകായാകുന്ന ഒരു സന്ദേശമായിരിക്കും ഈ തീരത്ത് നിന്ന് നാളെ നാം കേള്‍ക്കാന്‍ പോകുന്നത്.മാന്നനൂര്‍ കാര്‍ത്യാനീ ക്ഷേത്രത്തിന്റെ സമീപത്തായി രണ്ടേകാല്‍ ഏക്കര്‍ സ്ഥലം. മൂന്ന് വര്‍ഷം പ്രായമെത്തിയ റബ്ബര്‍ മരങ്ങളായിരുന്നു പറമ്പ് നിറയെ. രണ്ടാമതൊന്ന് ആലോചിക്കാതെ ആ റബ്ബര്‍ത്തൈകളൊക്കെ മുറിച്ചുമാറ്റി. വെയിലും മഴയും വക വയ്ക്കാതെ കൊത്തിക്കിളച്ച്  മണ്ണ് കൃഷിക്ക് അനുകൂലമാക്കിയെടുത്തു. വീടുണ്ടാക്കാന്‍ ലക്ഷങ്ങളുടെ കടമെടുത്ത് സമാധാനം നഷ്ടമായി ഉഷ്ണച്ചൂടില്‍ ഉറങ്ങാനാകാതെ കഷ്ടപ്പെടുന്നവരുടെ മുന്നിലേക്കാണ് മോഹന്‍ തന്റെ ഏറുമാടം തുറക്കുന്നത്. മറ്റുള്ളവരെ കാണിക്കാനല്ല വീടുണ്ടാക്കുന്നതെന്നും അത് ഞങ്ങളുടെ സൗകര്യവും ആഗ്രഹവുമാണെന്നും വിളിച്ചു പറയുന്നതും.
കാറ്റും വെളിച്ചവും കുളിരും നിറഞ്ഞ കുഞ്ഞുവീടിന്റെ മുന്നില്‍ ഒരാമ്പല്‍ക്കുളവുമുണ്ടാക്കി. പറമ്പിലെ പണികള്‍ക്കിടയില്‍ കിട്ടുന്ന ഇടവേളകളില്‍ പായല്‍നീക്കിയും വെള്ളം മാറ്റിയും കുളം സംരക്ഷിക്കാന്‍ എല്ലാവരുമെത്തുന്നു. മുറിച്ചുകളഞ്ഞ റബ്ബര്‍മരങ്ങള്‍ക്കും അക്വേഷ്യയ്ക്കും പകരം പറമ്പിന്റെ മൂലകളില്‍ നിറയെ ഫലവൃക്ഷത്തൈകള്‍ നട്ടു. പ്രകൃതിയേ അറിഞ്ഞ് ജീവിക്കാനെത്തുന്നവര്‍ക്ക് പ്രകൃതിക്കിണങ്ങുന്ന വീടുകള്‍.  രണ്ടേകാല്‍ ഏക്കറിന്റെ പല ഭാഗത്തായി അങ്ങനെ പതിനഞ്ച് വീടുകളുണ്ടാകും. മതിലുകളോ വേലിയോ കെട്ടി തിരിക്കാത്ത വീടുകള്‍. ഓരോ വീടിനും ഓരോ അടുക്കളയില്ല. പതിനഞ്ച് കുടുംബങ്ങള്‍ക്കുമായി ഒരടുക്കളയും ഒന്നിച്ചിരുന്ന്  കഴിക്കാന്‍ ഒരു ഹാളും. ഭക്ഷണത്തിനുള്ള പച്ചക്കറികളും നെല്ലുമെല്ലാം എല്ലാവരും ചേര്‍ന്ന് വിളയിച്ചെടുക്കും
nila-house-5
മോഹനന്‍ തന്റെ കുടുംബത്തോടൊപ്പം ജൈവ ഗ്രാമത്തില്‍
വീടുകളുടെ നിർമ്മാണം മോഹനും കുടുംബവുമാണ് ചെയ്യുന്നത് .ഒറ്റമുറി വീടാണ് എല്ലാം.ശിൽപചാരുതയിൽ പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒറ്റമുറിവീടിന്റെ നിർമാണം വേറിട്ടതാണ് . മുളകൊണ്ടുളള ഭിത്തിക്ക് കളിമണ്ണുകൊണ്ട് ബലപ്പെടുത്തൽ. കുമ്മായവും ഉമിയും കാഞ്ഞിരത്തിന്റെയും വേപ്പിന്റെയും ഇലകളും കളിമണ്ണിനൊപ്പം ചേർത്ത് കുഴച്ച മിശ്രിതം. ചിത്രകാരൻകൂടിയായ മോഹൻചവറ കുടുംബത്തെയൊന്നാകെ ഇൗ വീട് നിർമാണത്തിന്റെ ശിൽപികളാക്കി. മരത്തിനുമുകളിൽ കെട്ടിപ്പൊക്കിയ ഏറുമാടവും നാലംഗകുടുംബത്തിന് സുരക്ഷിതമാകുന്നു.
വരും നാളുകളെ ജൈവ രീതികളുമായി വരവേൽക്കാനൊരുങ്ങുകയാണ് ഈ  ജൈവ ഗ്രാമ നിവാസികൾ .ഏതു സമയത്തും ഗ്രാമത്തിന്റെ തുടിപ്പോടെ ഒരു ജീവിതം.ഈ ജീവിതം നമുക്കായി ഉറപ്പു നൽകുകയാണ്  മോഹൻ ചവറ .ജീവിതവിജയത്തിന് സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്ന തിരിച്ചറിവിലാണ് മോഹന്റെ മക്കളായ 18 കാരി സൂര്യ കല്യയും പതിനൊന്നുകാരി ശ്രേയ കല്യയും. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു സൂര്യ. ശ്രേയ രണ്ടിലും. സ്‌കൂളില്‍ പോകാതെ എങ്ങനെ പഠിക്കുമെന്ന ചോദ്യത്തിന് .ഞാറു നടാനും ചൂലുണ്ടാക്കാനും പുസ്തകം വായിക്കാനും പിന്നെ വിത്തുനട്ട് വിളവെടുക്കാനും പഠിച്ചെന്നായിരുന്നു  ശ്രേയയുടെ മറുപടി.
കുട്ടിത്തം വിട്ടുമാറുന്നതിന് മുമ്പ് പ്രകൃതിയിലേക്കിറങ്ങി ജീവിക്കാനുതകുന്ന ഒരു പഠനസമ്പ്രദായത്തിന്റെ ഭാഗമായിക്കഴിഞ്ഞു ശ്രേയ.
nila-house-6
പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളിലും പാചകത്തിലും തുന്നലിലുമെല്ലാം ചേച്ചിക്കൊപ്പമുണ്ട്. ആവുംവിധമെല്ലാം കൃഷിയില്‍ അച്ഛന് കൂട്ടാകുന്നു. പൊരുത്തപ്പെടാന്‍ സാധിക്കാത്തതായിരുന്നു ശ്രേയക്ക് സ്‌കൂള്‍ സിലബസ്. അതില്‍ നിന്ന് കുഞ്ഞുശ്രേയയെ രക്ഷപ്പെടുത്തി  സ്വതന്ത്രമായി പഠനത്തിനും ജീവിതത്തിനും അവസരമൊരുക്കി അച്ഛനും അമ്മയും.  തേക്ക് മരത്തില്‍ കിളികള്‍ക്കായി മുളക്കൂടുകള്‍ വയ്ക്കുമ്പോഴും പണിയെടുത്ത് തളരുന്ന സന്ധ്യകളില്‍ നിളയുടെ തീരത്തെ കാറ്റേറ്റിരുക്കുമ്പോഴും കിട്ടുന്ന ഉന്മേഷവും സന്തോഷവും സ്‌കൂള്‍ തരില്ലെന്ന് ശ്രേയ വിശ്വസിക്കുന്നു.
എട്ടാംക്ലാസ് വരെ സ്‌കൂളിലെ ഏറ്റവും സമര്‍ത്ഥയായ വിദ്യാര്‍ത്ഥിയായിരുന്നു സൂര്യ. പഠനത്തിനോടൊപ്പം ശാസ്ത്രകലാമേളകളിലും തിളങ്ങിയ മിടുക്കി. ഒരുനാള്‍ എല്ലാവരേയും അമ്പരിപ്പിച്ച് സ്‌കൂളിന്റെ പടികള്‍ തിരിച്ചിറങ്ങിപ്പോന്നതാണ് അവള്‍.  അവിടെ നിന്ന് പഠനം തുടങ്ങുകയിരുന്നെന്ന് സൂര്യ പറയുന്നു. പുസ്തകത്തിലെ അറിവ് കൊണ്ട് തനിക്കൊന്നും നേടാനില്ലെന്നും ഇപ്പോള്‍ ശീലിക്കുന്ന പ്രായോഗികപഠനം തന്ന വിസമയിപ്പിക്കുന്നതാണെന്നും സൂര്യ പറയുന്നു. ഒരു 18 വയസുകാരിയുടെ പ്രായത്തില്‍ കവിഞ്ഞ പക്വതയം അറിവുമുണ്ട് സൂര്യയുടെ വാക്കുകള്‍ക്ക്.  കണ്ടും കേട്ടും തൊട്ടും ലോകത്തെ പഠിക്കാനാണ് സൂര്യയക്ക് ഇഷ്ടം.കാസര്‍കോഡ് ബേഡകം മുതല്‍ തിരുവനന്തപുരത്തെ കാപ്പുകാട് വരെ അമ്പത് ദിവസം നീണ്ട യാത്ര ചെയ്തിട്ടുണ്ട് സൂര്യ.  ജീവിതത്തിന്റെ വൈവിധ്യം  കണ്ടറിയാന്‍ അത് ഉപകരിച്ചു. സൂര്യക്ക് ഇനിയും  ഒരുപാട് യാത്ര ചെയ്യണം, എഴുതണം. ജീവിക്കാന്‍ പേടിയില്ല. എന്ത് പണിയുമെടുക്കാനുള്ള മനസുണ്ട്. വലിയ വീടും പദവികളും ഒരിക്കലും ചിന്തകളെ സ്വാധീനിടച്ചിട്ടേയില്ല. എട്ടാംക്ലാസില്‍ പഠനം അവസാനിപ്പിച്ച സൂര്യ ഇപ്പോള്‍ മറ്റ് സ്‌കൂളുകളിലും കോളേജുകളിലും ക്ലാസെടുക്കാന്‍ പോകുന്നു.ജീവിതം അത്ര നിസ്സാരമല്ലെന്ന് നന്നായി അറിഞ്ഞവരാണ് മോഹനും രുക്മിണിയും. പ്രതിസന്ധികളൊക്കെ ഒന്നിച്ച് നേരിട്ടു. മക്കളേയും അത് ബോധ്യപ്പെടുത്തി. പെണ്‍കുട്ടികളെന്ന പരിഭ്രാന്തിയോ പരിമിതിയോ എവിടെയുമില്ല. ആരെക്കാളും നന്നായി ജീവിക്കണമെന്നാണ് മക്കളെ പഠിപ്പിക്കുന്നത്. ജൈവഗ്രാമത്തിന്റെ എല്ലാ വികാരങ്ങളും മക്കള്‍ ഉള്‍ക്കൊണ്ടുകഴിഞ്ഞെന്ന് ഇവര്‍ പറയുന്നു. ഓരോ ആശയം മുന്നോട്ട് വയ്ക്കുമ്പോള്‍  സൂര്യ അതേറ്റെടുത്ത് നടത്തിക്കഴിയും. വരുന്ന പതിനാല് കുടുംബത്തിലെയും കുട്ടികളെ പ്രകൃതിയിലേക്ക് നയിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു സൂര്യുയം ശ്രേയയും.
nila-house-1
ഇവിടെ എത്തുന്ന ഓരോ അതിഥികളും മോഹന്റെ മക്കളെ കണ്ടു അത്ഭുതപ്പെടുന്നു.ലോകത്തിന്റെ എല്ലാ സ്പന്ദനങ്ങളിലും അവർ വളരെ അപ്‌ഡേറ്റയിരിക്കുന്നു .പ്രകൃതിക്കൊപ്പം സഞ്ചരിക്കുമ്പോൾ മാത്രമാണ് നാം ഓരോരുത്തരും അപ്‌ഡേറ്റാകുന്നത് എന്ന പാഠം കൂടി പഠിപ്പിക്കുകയാണ് ഈ നിളാതീരം .
രണ്ട്  ഏക്കറാണ് മോഹന ജൈവ ഗ്രാമത്തിനായി തെരഞ്ഞെടുത്തത്.പ്രകൃതിയോട് ഇണങ്ങുന്ന മണ്ണുവീടുകൾ ,അതിഥി മന്ദിരം ,ജൈവ കൃഷിത്തോട്ടം,തുടങ്ങി നമുക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള എല്ലാ അവസരണങ്ങളും മോഹൻ നമുക്ക് തരും.സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് കവയിത്രി വി.എസ്.ബിന്ദുവും, അധ്യാപിക അപർണയും ഉൾപ്പടെ തിരുവന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 15പേർ ചേർന്നാണ് ജൈവഗ്രാമം തയ്യാറാക്കുന്നത്.  മുളയും പനയോലയും ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുകൊണ്ടാണ് വീട് നിർമിക്കുക. ഈ വീടുകൾക്കെല്ലാംകൂടി ഒരു അടുക്കളയേ ഉണ്ടാകൂ.
ജൈവ ഗ്രാമത്തിലേക്ക് വരുന്നവരെ സ്വാഗതമോതുവാൻ തയാറാക്കുന്ന അതിഥി മന്ദിരത്തിന്റെ അവസാന മിനുക്കു പണിയിലാണ് മോഹൻ.
കാട്ടു കമ്പുകളും മുളയും ഉപയോഗിച്ച് നിർമ്മിക്കുന്ന ഭിത്തിയിന്മേൽ പിന്നീട് മണ്ണ് തേച്ചു പിടിപ്പിക്കുന്നതോടെ ഉറപ്പുള്ള വീടായി മാറുന്നു .ചിതൽ വരാതിരിക്കാൻ കളിമണ്ണിനൊപ്പം കാഞ്ഞിരത്തിന്റെ ഇലകളും,ആര്യവേപ്പും ,പാണലിന്റെ ഇലയും ,ആടലോടകവും അരച്ച് ചേർക്കും.ഇങ്ങനെ ഉണ്ടാക്കുന്ന മുറികളിൽ പ്രാണി ശല്യം ഉണ്ടാകില്ല എന്ന് മോഹൻ പറയുന്നു.
വീടുപണിയുടെ തിരക്കിലായതിനാൽ ജൈവ കൃഷിയിൽ അല്പം ശ്രദ്ധ കുറഞ്ഞതായി മോഹൻ പറഞ്ഞു .ഇനിയും പതിനാലോളം വീടുകൾ  മണ്ണുവീടുകളായി ഒരുക്കേണ്ടതുണ്ട്. എങ്കിലും പച്ചക്കറിക്ക് പറ്റിയ മണ്ണാണ് .ഒപ്പം നിളയുടെ അനുഗ്രഹവും.കഴിഞ്ഞവർഷം ചെറുപയർ കാര്യമായിട്ടുണ്ടായതുകൊണ്ട് ഇത്തവണയും ചെറുപയർ കുറച്ചുനട്ടു. വെണ്ണീറും ചാണകവും ഗോമൂത്രവും കടലപിണ്ണാക്കിട്ട് പുളിപ്പിച്ച മിശ്രിതം ഒറ്റത്തവണ വളമായി ഒഴിച്ചുകൊടുത്തു. നന്നായി കായ്ച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം പച്ചക്കറികൾ ഗ്രാമാംഗങ്ങൾക്കും സാധാരണ പച്ചക്കറികളുടെ വിലയിൽ നാട്ടുകാർക്കും കൊടുത്തിരുന്നു. ഇത്തവണ ഞങ്ങൾക്കാവശ്യത്തിനുള്ള പച്ചക്കറികളേ കിട്ടിയിരുന്നുള്ളു . രാവിലെ ഏഴുമണിയോടെ വീട്പണിയിലേക്കിറങ്ങും. ഒപ്പം ഭാര്യയും മക്കളും ഉണ്ടാകും .കളിമണ്ണ് കുഴച്ചുതരാൻ   പളനിസ്വാമി ഏഴരയോടെ എത്തും. ചായകുടി ഉച്ചയൂണ് രണ്ടിളവേളകൾ. നാലരയോടെ  പണി അവസാനിപ്പിക്കും . പിന്നെ കൃഷിയിൽ കുറച്ചു സമയം. ആറുമണിവരെ തുടരും. അതിനിടയിൽ അതിഥികൾ വന്നാൽ അവരോടൊപ്പം കുറച്ചു സമയം.
ഗ്രാമം  സന്ദർശകർക്കുള്ള ഭക്ഷണ സംവിധാനത്തിനായി ഒരു ഭക്ഷണ ശാല തുടങ്ങിയാലോ എന്ന ആലോചന യിലാണ് മോഹൻ .”സന്ദർശകരുടെ എണ്ണം വർദ്ധിച്ചപ്പോൾ എല്ലാം കൂടി വളരെ പാടുപെടുന്നു. പണത്തേക്കാളുപരി അദ്ധ്വാനത്തിനുള്ള സമയമാണ് പ്രശനം. അംഗങ്ങളിലാരെങ്കിലും മുൻ കൈ എടുത്ത് കച്ചവട കണ്ണോടെയല്ലാതെ ഗ്രാമത്തിന് വെളിയിൽ ഒരു ഭക്ഷണ ശാല എന്നാണ് ആലോചിക്കുന്നത്. ഗ്രാമത്തിലെ ജൈവ പച്ചക്കറികൾ ഉപയോഗിച്ച് വിവിധ ദേശത്തെ സ്വാദിഷ്ടമായ ഭക്ഷണം കുറഞ്ഞ വിലയിൽ നൽകാൻ കഴിയും. വരുന്നവർ ഭക്ഷ്ണത്തിനായി മുൻ കൂട്ടി വിളിച്ച് അറിയിക്കണമെന്നുമാത്രം. ഇതെല്ലാം ആലോചനയിൽ മാത്രമാണുള്ളത്.എല്ലാ ഗ്രാമബന്ധുക്കളും താമസത്തിനു എത്തുന്നതോടെ നല്ലൊരു ഭക്ഷണശാലയും നിർമ്മിക്കുക എന്നതാണ്  ലക്‌ഷ്യം .
ജൈവഗ്രാമത്തിലെ ആദ്യകുടുംബമെന്ന നിലയില്‍ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട് മോഹന്.  ജോലി രാജിവച്ച് ഒപ്പം നിൽക്കുകയാണ് ഭാര്യ  രുക്മണി. ഒരു പുതിയ സംസ്‌കാരത്തിനായുള്ള ഈ കുടുംബത്തിന്റെ രാപ്പകലില്ലാത്ത പ്രയത്‌നങ്ങള്‍ക്ക് സാക്ഷിയാണ് നിള. മരിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ടട നദിക്ക്  പുനര്‍ജീവനത്തിന്റെ ഒരു കുഞ്ഞുപ്രതീക്ഷയുണ്ടിപ്പോള്‍.. ഇനിയും വരും നിളയെ സ്‌നേഹിക്കുന്നവര്‍ ഈ തീരത്തേക്ക്. ആ കൂട്ടായ്മയും നിളയോരയാത്രകളും നല്‍കുന്ന ഊര്‍ജ്ജത്തില്‍ കടുത്ത വേനലിലും വറ്റാതെ നിളയൊഴുകിയെങ്കിലോ…കാലങ്ങളായി ഈ വഴിയിലൂടെ പാഞ്ഞുപോകുന്ന തീവണ്ടികള്‍ ഇനി വേഗതയൊന്ന് കുറച്ചേക്കും. കടന്നുപോകുന്ന ദേശങ്ങളിലേക്ക് പുതിയൊരു കഥ പകരാം. ആ കഥ കേട്ട് ഈ നിളാതീരത്തെത്താന്‍ കൊതിക്കുന്നവര്‍ക്കായി ഇവിടൊന്ന് നിന്നു പോകാം.