വിരാട് കൊഹ്‌ലി ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയിൽ:ആരാധകർക്ക് പുതുവർഷം നേർന്ന് താരങ്ങൾ

കേപ് ടൗണ്‍: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ടീമിനൊപ്പം ചേര്‍ന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണിപ്പോൾ .ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനിടെയില്‍ ദക്ഷിണാഫ്രിക്കയില്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളിലാണ് ടീം ഇന്ത്യ. എന്നാല്‍ പരിശീലന തിരക്കുകള്‍ക്കിടയില്‍ ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേരാന്‍ നവദമ്പതികള്‍ മറന്നില്ല.എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നതായി ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മനോഹര ചിത്രം സഹിതമായിരുന്നു ആരാധകര്‍ക്കുള്ള ആശംസ. എന്നാല്‍ ഇരുവരും ട്വീറ്റ് ചെയ്ത സന്ദേശം ഒന്ന് തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. കൊഹ്‌ലിയുടെ ആശംസ എത്തിയതിനു തൊട്ടുപിന്നാലെ ഒരു മിനുറ്റ് ശേഷമായിരുന്നു അനുഷ്‌കയുടെ സന്ദേശവും പ്രത്യക്ഷപ്പെട്ടത്.കൊഹ്‌ലിയുടെ നായകത്വത്തില്‍ മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി -20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. വിദേശ മണ്ണില്‍ കാലിടറുന്നവര്‍ എന്ന ദുഷ്‌പേര് മാറ്റാന്‍ ഇന്ത്യയ്ക്ക് വിജയിച്ചേ മതിയാകൂ.