യു പിയിൽ പ്രൈമറി ഹെല്‍ത്ത് സെന്ററിൽ മെഡിക്കല്‍ ഓഫീസർ ബി എ എം എസ് ഡോക്ടർ;ബ്രിഡ്ജ് കോഴ്‌സിന്റെ പിന്നാമ്പുറം

ഡോ:ശരണ്യ ശശി

കേന്ദ്ര സർക്കാർ മോഡേൺ ഡോക്ടർമാരുടെ കുറവു നികത്താന്‍ AYUSH ഡോക്ടർമാർക്ക് ബ്രിഡ്ജ് കോഴ്സ് നടത്താൻ തീരുമാനിക്കുന്നു. അതിൽ പ്രതിഷേധിച്ച് മോഡേൺ ഡോക്ടർമാർ മെഡിക്കൽ ബന്ദ്‌ നടത്തി ഇന്ന്.
മരുന്ന് മാഫിയ എന്നു മുദ്രകുത്തപ്പെട്ട ഞങ്ങളുടെ മോഡേൺ മെഡിസിൻ എഴുതാന്‍ കൈ തരിച്ചിട്ട് വയ്യാത്ത AYUSH ഡോക്ടർമാർ ജീവിക്കാൻ വേറെ വഴിയില്ലാതെ സൈഡ് എഫക്ട് മാത്രം ഉള്ള “അലോപ്പതി”യിലേക്ക്.
ഇത്രയും ഒക്കെ കേട്ട സ്ഥിതിക്ക് ഈ ബില്ല്‌ എന്താ സംഗതി എന്ന് അറിയണമല്ലോ.(അതെന്താണ് എന്ന് എല്ലാവര്‍ക്കും പരിചിതമായത് കൊണ്ട്‌ ആവര്‍ത്തിക്കുന്നില്ല.) ബില്ല്‌ പഠിച്ചു വന്നപ്പോഴേക്കും ആണ് അറിഞ്ഞത് കേരളത്തിലെ മോഡേൺ ഡോക്ടർമാരായ സുഹൃത്തുക്കൾ എല്ലാവരും മെഡിക്കൽ ബന്ദ്‌ ആഹ്വാനം ചെയ്തത് .
10 വർഷത്തെ മെഡിക്കൽ ജീവിതത്തിൽ ഇന്‍ഡ്യയില്‍ അങ്ങോളമിങ്ങോളം ഉള്ള എല്ലാ നാട്ടിലും സുഹൃത്തുക്കൾ ഉള്ളതിനാല്‍ കാര്യങ്ങൾ അറിയാൻ എളുപ്പമായി. ഓരോരുത്തരെയായും വിളിച്ചു തിരക്കി.
ഇങ്ങനെ ഒരു ബില്ലിനെ കുറിച്ചോ കേരളത്തിലെ സമരത്തെ കുറിച്ച് പകുതിയിലേറെ പേര്‍ക്കും അറിവില്ല.
ആദ്യം വിളിച്ചത് UPയിലുള്ള മലയാളി ഡോക്ടറെ തന്നെയായിരുന്നു.
എന്റെ ഒപ്പം 2008 ബാച്ചിൽ രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും BAMS പഠിച്ച ആയുര്‍വേദ ഡോക്ടർ.പതിവ് സുഖവിവരങ്ങൾ തിരക്കിയ ശേഷം കാര്യം പറഞ്ഞു.ഡോക്ടർ ഇതൊന്നും അറിഞ്ഞ മട്ടില്ല.
അല്ലഡോ ഇത് മോഡേൺ ഡോക്ടർമാരുടെ സമരം ആണ് അതാ ചോദിച്ചേ. ഇയാൾ അവിടുത്തെ MM ഡോക്ടർമാരോട് തിരക്കി പറയുമോ.

ശരണ്യ അതിനു ഞാൻ ഇവിടുത്തെ PHCയില്‍ ആണുള്ളത്. ഇന്നും ഞാൻ ഹോസ്പിറ്റലിൽ പോയതാ.ആരും ഒന്നും പറഞ്ഞില്ല.
(നോട്ട് ദി പോയിന്റ്. യു പിയിൽ പ്രൈമറി ഹെല്‍ത്ത് സെന്ററിൽ മെഡിക്കല്‍ ഓഫീസർ ഒരു ബി എ എം എസ് ഡോക്ടർ.)

ഡോക്ടർ എങ്ങനെയാണ് PHCയില്‍ ജോലി കിട്ടിയത്??
അത് MOയുടെ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അങ്ങനെ കിട്ടിയതാ.
(എഴുത്ത് പരീക്ഷ) എക്സാം ഒന്നും എഴുതേണ്ടയോ.
വേണ്ടാ
ആ PHCയില്‍ എത്ര ഡോക്ടർമാരുണ്ട്..
ഇവിടെ എല്ലാ PHCയിലും 5 ഡോക്ടർ ഉണ്ടാവും.. അതിൽ ഒരാൾ മാത്രം ആവും MBBS MD ബാക്കി 4 പേരും BAMS അല്ലാ എങ്കിൽ BUMS (unani) ആവും.
നിങ്ങൾക്ക് അപ്പൊ ഗസറ്റഡ് റാങ്ക് ആണോ ഉള്ളത്.
അതേ
അങ്ങോട്ട് എല്ലാ മോഡേൺ ആശുപത്രിയികളിലും എന്താ അവസ്ഥ.
എല്ലായിടത്തും ഇത് തന്നെ. ഇവിടെ MBBS BAMS BHMS BUMS എന്നൊന്നും ഇല്ലാ.ആര്‍ക്കും എന്തും ചെയ്യാം. നിയമം തടസ്സമല്ല. ഡിഗ്രീ ഏതാ എന്താ എന്നൊന്നും ആരും നോക്കില്ല.

അതെന്താ അവിടെ അങ്ങനെ.
ഒന്നാമത്തെ കാര്യം ഇവിടുത്തെ MM ഡോക്ടർമാർക്ക് പ്രൈവറ്റ് പ്രാക്ടീസ് ആണ് ലാഭം.സർക്കാരിൽ കയറിയാൽ പ്രൈവറ്റ് പ്രാക്ടീസ് പറ്റില്ല. പിന്നെ റൂറൽ ഏരിയയില്‍ ഇവരാരും പോവുകയും ഇല്ലാ. പിന്നെ ഈ നാട്ടില്‍ ഇങ്ങനെ ഒരു ബില്ലിന്റെ ആവശ്യം ഇല്ലാ. അത് ഉണ്ടായാലും ഇല്ലേലും ഇവിടെ ഒരു മാറ്റവും ഉണ്ടാവില്ല.

അടുത്തത് നേരെ മഹാരാഷ്ട്രക്കാരനെയാണ് വിളിച്ചത്.2009 BAMS ബാച്ച് രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി.
പൂനെയിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റിയിലാണ്.
450+ (കണക്ക് മറന്നു) കിടക്കയുള്ള ആശുപത്രി.
അവിടെ എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും കൂടി നോക്കിയാല്‍ നൂറിന് അടുത്ത് BAMS ഡോക്ടേഴ്സ് ആണ് ജോലി ചെയ്യുന്നത്.
RMOയോ നൈറ്റ് ഡ്യൂട്ടി ഡോക്ടർ അല്ലാ. ന്യൂറോ കാർഡിയാക് തുടങ്ങി സ്പെഷ്യാലിറ്റി ഡാപ്പാർട്ട്മെന്റിലാണെന്നുള്ളത് ഓര്‍ക്കണം.

അല്ലാ ഇങ്ങനെ ഒരു ബില്ലിനെ കുറിച്ച് അറിഞ്ഞോ. നാട്ടില്‍ സമരം ആണ്.
ഞാൻ ഇപ്പഴാണ് കേള്‍ക്കുന്നത് പോലും. ഇവിടെ അതിന്റെ അനക്കം ഒന്നുമില്ല.
നേരെ ഹവ്സ്സർജനെ വിളിച്ചു .രാത്രിയാണ്. ഉറങ്ങി കാണും എന്ന് സംശയിച്ചാണ് വിളിച്ചത്.
എന്താണ് പരിപാടി
ഡ്യൂട്ടിയിലാണ് ചേച്ചീ..

ഡ്യൂട്ടിയോ എവിടെ
ഇവിടെ ഒരു MM ഹോസ്പിറ്റളിൽ .നൈറ്റ് നിന്നാല്‍ അത്യാവശ്യം വട്ടചിലവിനുള്ളത് കിട്ടും.വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ..
നന്നായി അപ്പോ ഡ്യൂട്ടി നടക്കട്ടെ.

പിന്നെയും ഒരുപാടു പേരെ വിളിച്ചു. കേരളത്തിന് പുറത്തുള്ള എല്ലാവരുടെയും സ്ഥിതി ഇതുതന്നെ.കര്‍ണാടകയിലെ കോളേജുകളുടെ എണ്ണം എടുത്താൽ ഒരുപാടുണ്ട്.. ഒരു ബാച്ച് BAMS 100 കുട്ടികൾ ആണുള്ളത്.മലയാളികള്‍ ഇപ്പൊ പൊതുവെ കുറവാണ്. 100 പേരില്‍ 10ല്‍ താഴെയാണ് മലയാളികള്‍.ബാക്കി പകുതിയും നോർത്തിന്ത്യക്കാരാവും. ഡോക്ടർ സർട്ടിഫിക്കറ്റിന്‌ വേണ്ടി പഠിക്കാൻ വരുന്നവര്‍. കാരണം അവരുടെ നാട്ടില്‍ ഏതേലും ഒരു മെഡിക്കൽ കൌൺസിൽ രെജിസ്ട്രേഷൻ കിട്ടിയാല്‍ മാത്രം മതി.അവര്‍ക്ക് ഇഷ്ടമുള്ളത് പ്രാക്ടീസ് ചെയ്യാം.. MBBSന് ചേരുന്ന എല്ലാവരും മെറിറ്റ് സീറ്റ് കിട്ടിയവരല്ല.ഭീമമായ പൈസ മുടക്കി പഠിക്കുന്നവരുമുണ്ട്.അത് കൊടുക്കാൻ ഇല്ലാത്തവര്‍ ഉള്ളതു കൊണ്ട്‌ പഠിക്കാൻ പറ്റുന്ന ഏതേലും മെഡിക്കൽ ഡിഗ്രി എടുക്കും നേരെ പോയി MM പ്രാക്ടീസ് ചെയ്യുന്നു.കാലാ കാലങ്ങളായി കേരളത്തിന് പുറത്ത് കണ്ടുവരുന്ന പ്രവണതയാണിത്.എന്തുകൊണ്ട്‌ ഇത്ര നാളും ആരും എതിർത്തില്ല.
അപ്പൊ AYUSH ഡോക്ടർമാർക്ക് വളം വെച്ച് കൊടുക്കുന്നത് ആരാ.മോഡേൺ ഡോക്ടർമാരല്ലേ.
മുളയിലേ നുള്ളി കളയാതെ ഇപ്പൊ കിടന്നു നിലവിളിച്ചിട്ട് എന്താണ് കാര്യം. വെറും തുച്ഛമായ ശമ്പളം കൊടുത്ത് ജോലി മുഴുവന്‍ ചെയ്യാൻ ഡോക്ടർമാരെ കിട്ടുമ്പോ ഈ കൊമ്പന്മാരായ ആശുപത്രി ഉടമകള്‍ക്ക് പുളിക്കുമോ.
മൂന്നാം വർഷം പഠിക്കുമ്പോ
പോളിയോ വാക്സിൻ കൊടുക്കാനായി MM ഡോക്ടർമാരോ നേഴ്സമാരോ ഇല്ലാത്തതിനാല്‍ റൂറല്‍ സ്ഥലങ്ങളില്‍ പോയ ചരിത്രം ഞങ്ങൾക്കുണ്ട്.കേരളത്തിലെ റൂറൽ സ്ഥലങ്ങൾ അല്ലാ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളത്.പരിതാപകരമായ അവസ്ഥയാണ്.കോട്ടും സൂട്ടും ഇട്ടു വരുന്ന സുന്ദരന്മാരും സുന്ദരികളും മടിക്കും അവിടൊക്കെ ജോലി ചെയ്യാൻ. കേരളത്തില്‍ കിടന്നു ന്യായീകരിക്കുന്ന കൊമ്പന്മാർ അയല്‍ സംസ്ഥാനങ്ങളില്‍ ഒന്ന് വന്നു നോക്കിയാല്‍ കൊള്ളാം. ആരാണ് AYUSH ഡോക്ടർമാർക്ക് വളം വെച്ച് കൊടുക്കുന്നത് എന്ന്.നിങ്ങൾ തന്നെയാണ്.വേറെ ആരുമല്ല.കേരളത്തിലെ MM ഡോക്ടർമാർ സർക്കാർ ജോലി ചെയ്യാൻ തയാറാണ് ഞങ്ങളെ വിളിക്കൂ എന്നൊക്കെ പറഞ്ഞു fb പോസ്റ്റ് ഇടുന്നത് കണ്ടു.ഇതേപോലെ പുറത്തുള്ള ഡോക്ടർമാര്‍ പറയുന്നത് ഒന്ന് കാണിച്ചു തരാന്‍ കഴിയുമോ.കുറെ പേര് പറയുന്നത് കണ്ടു.ആയുഷ് ഡോക്ടർമാര്‍ക്ക് ബ്രിഡ്ജ് കോഴ്സ് ചെയ്ത് പെട്ടെന്ന് പഠിച്ചു തീര്‍ക്കാൻ പറ്റുന്ന ഒന്നല്ല MBBS എന്ന്.
എന്ത് ശുദ്ധ മണ്ടത്തരം ആന്നേ ഈ പറയുന്നത്.നിങ്ങളും ഞങ്ങളും സ്കൂളില്‍ പഠിച്ചത് ഒന്ന് തന്നെയാ.നിങ്ങൾ പഠിക്കുന്ന അതേ പുസ്തകം തന്നെയാ ഞങ്ങളും BAMS ന് പഠിച്ചത്. അതിൽ കൂടുതൽ ഒന്നും തന്നെയില്ല.
ഇന്ന് നടക്കുന്ന സമരം കേരളത്തില്‍ മാത്രം അലയടിക്കുന്ന ഒന്നാണ്.കേരളത്തിന് പുറത്തെ ആശുപത്രികളെ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒന്ന്. (വളരെ കുറച്ചു ആശുപത്രിയില്‍ മാത്രം കാണും. അതും കണ്ണില്‍ പൊടിയിടാനായി പേരിന് സമരം.സമരം കഴിഞ്ഞു രണ്ടു കൂട്ടരും തോളില്‍ കയ്യിട്ട് ഒരേപോലെ ജോലിക്ക് കയറും.കാരണം അവിടെങ്ങും ഈ പറയുന്ന MM ഡോക്ടർമാർ ചെല്ലില്ല.) ഇനിയീ ബില്ല്‌ പാസാക്കിയില്ലാ എങ്കിൽ കൂടിയും അവര്‍ക്ക് ഒന്നും സംഭവിക്കില്ല.
ആയുഷ് ഡോക്ടർമാർക്ക് എതിരെ തിരിയുന്ന നേരം കൊണ്ട് നിങ്ങളില്‍ തന്നെ അഴിച്ചു പണി ചെയ്യാൻ നോക്കുക.അവിടുന്ന് തുടങ്ങുക ആദ്യം.കാരണം ജോലി ഇല്ലാഞ്ഞിട്ടല്ല ജോലി ചെയ്യാൻ ആളില്ലാഞ്ഞിട്ട് തന്നെയാണ് ഇങ്ങനൊരു നീക്കത്തിന് സർക്കാർ തയാറായത്. ജോലി ഇല്ലാ എങ്കിൽ കേരളത്തിന് പുറത്തുള്ള പല സർക്കാർ ആശുപത്രിയിലും ആയുഷ് ഡോക്ടർമാർ കയറിയത് എങ്ങനെയാണ്.അപ്പൊ കുറ്റം നിങ്ങളുടേത് മാത്രം ആണ്. കേരളത്തിലെ ഒരൊറ്റ ആയുഷ് ഡോക്ടറിനും നിങ്ങളുടെ ജോലി തട്ടിയെടുത്തിട്ട് വേണ്ടാ ജീവിക്കാൻ. നിങ്ങളിലെ അസഹിഷ്ണുത ഇന്നലെ ഒരുദിവസം കൊണ്ട് മാത്രം കണ്ടതാണ്.
നിങ്ങളുടെ ജോലി ആരും തട്ടിക്കൊണ്ടുപോകുന്നില്ല.സ്വയം സന്നദ്ധരായാൽ ഈ പ്രശ്നം ഒന്നും ഉണ്ടാവില്ല.. ഇങ്ങനൊരു ബിൽ പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച ഒന്നല്ല.അത് മനസിലാക്കാന്‍ ഉള്ള സാമാന്യ ബോധം നിങ്ങൾ ഓരോരുത്തര്‍ക്കും ഉണ്ടെന്നുള്ളത് അറിയാം. എന്നാലും ഒരു സുഖം.. അല്ലേ.. മുറിവൈദ്യനെയും വ്യാജ ഡോക്ടർമാരെയും വളർത്തി എടുക്കുക മാത്രമാണ് ഈ ബില്ല്‌ കൊണ്ട്‌ ഉണ്ടാവുന്ന ഒരു നേട്ടം എന്ന് നിങ്ങള്‍ പറയുക ഉണ്ടായി.ആരാ സുഹൃത്തുക്കളെ വ്യാജന്മാരെ ഉണ്ടാക്കുന്നത്.. നിങ്ങൾ തന്നെയല്ലേ.വീണ്ടും പറയുന്നു മാറേണ്ടതും മാറ്റേണ്ടതും നിങ്ങള്‍ക്കിടയിലാണ്.അതൊക്കെ തിരുത്തി എഴുതിയിട്ട് ആയുഷ് ഡോക്ടർമാരുടെ നെഞ്ചത്ത് താളം കൊട്ടാൻ വാ.നിന്ന് തരാം.

താഴെ ഫോട്ടോയിലെ ആ ബോക്സ് ഒന്ന് ശ്രദ്ധിക്കണേ. BAMS ഡോക്ടർ ജോലി ചെയ്തതും ചെയ്യുന്നതുമായ ആശുപത്രിയും ഡിപ്പാര്‍ട്ട്മെന്റുമാണ്. അദ്ദേഹത്തിന്റെ സ്വന്തം ആശുപത്രി അല്ലാട്ടോ. മോഡേൺ മെഡിസിൻ കുത്തക മുതലാളിയുടേതാണ്.
ഈ ആയുര്‍വേദ ഡോക്ടർമാരെ ഒക്കേ എടുത്തു മാറ്റി പൈസ മുടക്കി മോഡേൺ സാറുമ്മാരെ നിയമിക്കാൻ പറയന്നേ.

നിങ്ങൾ ചോദിച്ചത്‌ പോലെ ഞങ്ങൾ ആയുര്‍വേദക്കാർ ഈ പുതിയ നിയമത്തിനെതിരെ തെരുവിലിറങ്ങാൻ തയ്യാറാ.അതിനു മുമ്പ് ഇന്ത്യ ഒട്ടാകെ മോഡേൺ ആശുപത്രിയിലെ (സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ) ആയുഷ് ഡോക്ടർമാരെ മാറ്റി നിങ്ങളില്‍ ഉള്ളവരെ നിയമിക്കാന്‍ പറഞ്ഞു കൊണ്ട് നിങ്ങൾ മുന്നിട്ട് ഇറങ്ങിയാൽ മാത്രം. എങ്കിൽ മാത്രം ഞങ്ങളില്‍ നിന്നും ഒരു പ്രതിഷേധം ഉണ്ടാവൂ.ഇന്നലെ അരങ്ങേറിയ നാടകം മൊത്തം സാധാരണ ജനങ്ങൾ അറിയാനും മനസിലാക്കാനുമാണല്ലോ.അറിയട്ടെ അവർ എന്താ സത്യാവസ്ഥ എന്ന്.
കണ്ണടച്ച് ഇരുട്ടാക്കും മുമ്പ് ശെരിക്കൊന്നു ആലോചിച്ച് നോക്കിയാല്‍ നന്ന്.

ആയുര്‍വേദത്തിന് വേണ്ടി
Dr.Saranya Sasi