പ്രതിപക്ഷ ബഹളം; മുത്തലാഖ് ബില്‍ അവതരണം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മുത്തലാഖ് നിരോധന ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല. ചൊവ്വാഴ്ച്ച ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ബില്‍ അവതരണം ഇന്നത്തേക്ക് മാറ്റിയതായിരുന്നു.ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ശക്തമായത്. ബില്‍ നാളെ വീണ്ടും രാജ്യസഭ പരിഗണിക്കും. അതേസമയം ബില്‍ കോണ്‍ഗ്രസ് അട്ടിമറിക്കുകയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു. ഇന്നലെ രാജ്യസഭയിൽ ബിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ചർച്ചയ്‌ക്കു കാര്യോപദേശക സമിതി സമയം തീരുമാനിച്ചിട്ടില്ലെന്നു പ്രതിപക്ഷം ഉടക്കിട്ടിരുന്നു. തുടർന്നാണ് ബിൽ ഇന്നത്തേക്കു മാറ്റിയത്. ഇന്നലെ വൈകുന്നേരം ചേർന്ന കാര്യോപദേശക സമിതിയിലും ഭരണപ്രതിപക്ഷങ്ങൾ വിട്ടുവീഴ്‌ചയ്‌ക്കു തയാറായിരുന്നില്ല. ബിൽ സഭ പരിഗണിച്ചു പാസ്സാക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നു ഭരണപക്ഷവും, സെലക്‌ട് കമ്മിറ്റി പരിഗണിച്ചു ബിൽ മെച്ചപ്പെടുത്തട്ടെയെന്നു പ്രതിപക്ഷവും നിലപാടെടുത്തു. കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും മറ്റുമൊപ്പം, ഭരണപക്ഷത്തെ തെലുങ്കുദേശവും സിലക്‌ട് കമ്മിറ്റിക്കായി വാദിച്ചു. നേരത്തെ, ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവുമായി ധാരണയിലായി ബില്‍ സുഗമമായി പാസാക്കാനാണ് ശ്രമമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ദ്കുമാര്‍ പറഞ്ഞിരുന്നു. ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികള്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കുന്ന വ്യവസ്ഥ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സ് ബില്ലിനെ പിന്തുണച്ചേക്കും. ബില്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ എല്ലാ ബി.ജെ.പി എം.പിമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ വ്യാഴാഴ്ചയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭ പാസാക്കിയ ബില്‍ അതുപോലെ തന്നെ പാസാക്കുകയെന്നത് രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാരിന് വലിയ കടമ്പയാണ്‌.