നിയമനങ്ങളിലും സ്ഥലമാറ്റത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കൊല്ലം: പൊലീസിന്റെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്ന രീതി നേതാക്കള്‍ ഉപേക്ഷിക്കണം. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പൊലീസ് സംവിധാനത്തെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിയമനം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ശുപാര്‍ശയുമായി വരുന്ന പ്രവണത നേതാക്കള്‍ അവസാനിപ്പിക്കണം. പൊലീസ് കാര്യത്തില്‍ ഇടപെടുന്ന നടപടികള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇന്നലെ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ടായിരുന്നു പിണറായി ഇക്കാര്യം പറഞ്ഞത്.
പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള പലര്‍ക്കും ജോലിഭാരം കുറഞ്ഞ സ്ഥാനങ്ങളിലേക്ക് പോകാനാണ് താത്പര്യം. അതുകൊണ്ടു തന്നെ ജോലിഭാരം കൂടുതലുള്ള പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ യുഡിഎഫിനോട് ആഭിമുഖ്യമുള്ളവര്‍ക്കു നല്‍കേണ്ടതായി വരുന്നുണ്ട്. ഇത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭരണം ലഭിക്കുമ്പോള്‍ പൊലീസിനെ അഴിച്ചു വിടുന്ന നടപടി ശരിയല്ലെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചു. ആഭ്യന്തര വകുപ്പിനെതിരെയാണ് പ്രതിനിധികളുടെ പ്രധാന വിമര്‍ശമുണ്ടായത്. ഭരണം ലഭിക്കുമ്പോള്‍ പൊലീസിനെ അഴിച്ചുവിടുന്നത് ശരിയല്ല. മൂന്നാം മുറ പോലുള്ള നടപടികള്‍ പൊലീസിന്റെ ഭാഗത്ത് ഉണ്ടാകാന്‍ പാടില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. സ്വകാര്യ കശുവണ്ടി ഫാക്ടറി തുറക്കാത്തതിലും വിമര്‍ശനമുണ്ടായി.