കോട്ടയം: കെ എം മാണിയെ എല്‍ഡിഎഫില്‍ എത്തിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍. സിപിഐ കോട്ടയം മണ്ഡലം സമ്മേളനം തിരുവാതുക്കല്‍ പി എ പുന്നന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബാര്‍ കോഴ കേസില്‍ അഴിമതി ആരോപണവും വിജിലന്‍സ് കേസും നേരിട്ട മാണി ബജറ്റവതരിപ്പിക്കാതിരിക്കാന്‍ നിയമസഭയില്‍ പോരാട്ടം നടത്തിയവര്‍ അതിനെക്കുറിച്ചെല്ലാം മറന്ന മട്ടാണ്. മാണിയെ വിശുദ്ധനാക്കാനാണ് പുതിയ നീക്കം. കാഴ്ചയില്‍ സുന്ദരന്മാരുമായി കൂട്ടുകൂടാന്‍ നടക്കുമ്പോള്‍ മുമ്പ് അവര്‍ക്കെതിരെ പറഞ്ഞ കാര്യങ്ങളും നടത്തിയ സമരങ്ങളും ഓര്‍ക്കുന്നത് നന്നാവും. അന്ന് മാണിക്കെതിരെ സമരം നടത്തി പൊലീസിന്റെ തല്ല് മേടിച്ചവരും പൊലീസ് കേസില്‍ ഉള്‍പ്പെട്ടവരുമായ ആളുകള്‍ എല്‍ഡിഎഫില്‍ ഉണ്ട്. മാണിയെ എല്‍ഡിഎഫിലെത്തിക്കുമ്പോള്‍ അവരോട് എന്ത് വിശദീകരണമാണ് നല്‍കുന്നത്. മാണിക്ക് നോട്ടെണ്ണുന്ന മെഷീന്‍ ഉണ്ടെന്നാണ് അന്ന് ആരോപിച്ചത്. ഇന്ന് മാണിയുടെ നോട്ടെണ്ണുന്ന യന്ത്രം എവിടെ പോയെന്നും ശശിധരന്‍ ചോദിച്ചു.