ആഗോള കേരളീയ മാധ്യമ സംഗമം സമാപിച്ചു

കൊല്ലം :കൂട്ടായ്മയുടെ പ്രാധാന്യവും വാര്‍ത്ത നല്‍കുന്നതിലെ നീതിപൂര്‍വ സമീപനത്തിന്റെ പ്രാധാന്യവും അറിയിച്ചുകൊണ്ട് ആഗോള കേരളീയ മാധ്യമ സംഗമം സമാപിച്ചു.ലോക കേരള മാധ്യമസഭയുടെ രൂപീകരണമടക്കമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സഹകരണത്തോടെ സാധ്യമാക്കാനും മാതൃഭാഷാ സംരക്ഷണത്തിന് കൈകോര്‍ക്കാനുമുള്ള തീരുമാനത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി നടന്ന ആഗോള മാധ്യമ സംഗമം കൊല്ലത്ത് സമാപിച്ചത്.
സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ വികസനത്തിനും മുന്നേറ്റത്തിനുമായി രൂപം നല്‍കുന്ന ലോക കേരള സഭക്ക് പ്രവാസലോകത്തിന്റെ പൂര്‍ണ പിന്തുണ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ പ്രവാസികള്‍ക്കും കേരളത്തിന്റെ വികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്തും. കേന്ദ്രത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും ഇത്തരം ആവശ്യങ്ങള്‍ അഭിപ്രായങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജി സി സി രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 50 ഓളം മലയാളി മാധ്യമപ്രവര്‍ത്തകരാണ് സംഗമത്തില്‍ പങ്കെടുത്തത്. യു എ ഇ, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 20ഓളം മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. ആസ്‌ട്രേലിയ, അമേരിക്ക, തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും സംഗമത്തിനെത്തിയിരുന്നു. മാധ്യമ മേഖലയെക്കുറിച്ചുള്ള ചര്‍ച്ച, സെമിനാര്‍, പ്രദര്‍ശനം എന്നിവയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. കേരളത്തിലും വിദേശ രാഷ്ട്രങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകര്‍ ചര്‍ച്ചകളിലും സെമിനാറുകളിലും സംസാരിച്ചു.

ബീച്ച് ഓര്‍ക്കിഡില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, അഡ്വ. കെ രാജു, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായ ജോണ്‍ ബ്രിട്ടാസ്, പ്രഭാവര്‍മ്മ, പ്ലാനിംങ് ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍, തോമസ് ജേക്കബ്, ഡോ.എം വി പിള്ള, ഐ ആന്‍ഡ് പിആര്‍ഡി ഡയറക്ടര്‍ ടി വി സുഭാഷ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍, കെ യു ഡബ്ല്യു ജെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കേരള മീഡിയ അക്കാദമി,നോര്‍ക്ക, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് സംഗമം നടന്നത്.