മധുര: തമിഴ്‌നാട് പോലീസ് മധുര സിറ്റിയിലെ വിവിധ ഭാഗത്ത് നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ഖ്വയ്ദ അനുഭാവികളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ 22 പ്രമുഖ നേതാക്കളെ വധിക്കാനുള്ള ശ്രമങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു എന്ന് തമിഴ്‌നാട് പോലീസിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എം. കരീം, ആസിഫ് സുല്‍ത്താന്‍ മുഹമ്മദ്, അബ്ബാസ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ചില വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ അല്‍ഖ്വയ്ദാ അനുഭാവികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. തെക്കന്‍ തമിഴ്‌നാട്ടില്‍ ഈ മൂന്നംഗ സംഘം അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. രാജ്യത്തെ വിവിധ കോടതികളില്‍ നടന്ന സ്‌ഫോടനങ്ങളുമായി ഈ മൂവര്‍ സംഘത്തിന് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെക്കൂടാതെ രണ്ട് അല്‍ഖ്വയ്ദ പ്രവര്‍ത്തകരായവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹക്കീം, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കുവേണ്ടിയാണ് അന്വേഷണം നടക്കുന്നത്. കൊല്ലം മലപ്പുറം കളക്ടറേറ്റുകളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
 
            


























 
				
















