ബി.ജെ.പിയെ കെട്ടുകെട്ടിക്കലാണ് ലക്ഷ്യം:ഡല്‍ഹിയില്‍ റാലി നടത്തുമെന്ന തീരുമാനവുമായി മേവാനി

ന്യൂഡല്‍ഹി: ഡല്‍ഹി പൊലിസ് അനുമതി നല്‍കിയില്ലെങ്കിലും റാലി നടത്തുമെന്ന തീരുമാനവുമായി മുന്നോട്ടു പോവുമെന്ന് ഗുജറാത്ത് എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി. യുവഹുങ്കാര്‍ എന്ന പേരിട്ട റാലി അനുമതിയില്ലാതെ നടത്തുമെന്ന് സംഘാടകര്‍ പറയുന്നു. റാലിയില്‍ പങ്കെടുക്കുന്നവരോട് ഇന്ന് ഉച്ചക്ക് പാര്‍ലമെന്റ് സ്ട്രീറ്റില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അസമിലെ കര്‍ഷക നേതാവ് അഖില്‍ ഗോഗോയ്‌ക്കൊപ്പം മേവാനിയും റാലിയെ അഭിസംബോധന ചെയ്യുമെന്നാണ് കരുതുന്നത്.

അതേസമയം, ജലപീരങ്കിയും കണ്ണീര്‍വാതകവുമായി പൊലിസും റാലിക്കാരെ നിയന്ത്രിക്കാന്‍ തയ്യാറെടുക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്.

രാജ്യതലസ്ഥാനത്ത് റാലികള്‍ നടത്തുന്നത് ഹരിത ട്രൈബ്യൂണല്‍ വിലക്കിയതാണെന്നു കാണിച്ചാണ് പൊലിസ് റാലിക്ക് അനുമതി നിഷേധിച്ചത്. മറ്റേതെങ്കിലും തെരുവുകളില്‍ റാലി നടത്താന്‍ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരതിന് തയാറായിട്ടില്ല എന്ന് ഡല്‍ഹി പൊലിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ അഞ്ചു മതലാണ് ഡല്‍ഹിയില്‍ ചിലസ്ഥലങ്ങളില്‍ റാലികള്‍ നടത്തുന്നതിന് ഹരിത ട്രൈബ്യൂണല്‍ വിലക്കേര്‍പെടുത്തിയത്. എന്നാല്‍ ഹരിത ട്രൈബ്യൂണല്‍ വിധി ജന്തര്‍ മന്തറിനു മാത്രമാണ് ബാധകമെന്നും പാര്‍ലമെന്റ് സ്ട്രീറ്റിനില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.