പീഡനം: നഗരസഭാ മുന്‍ സെക്രട്ടറിക്കെതിരെ കേസ്

ഗുരുവായൂര്‍: പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നഗരസഭാ മുന്‍ സെക്രട്ടറിക്കെതിരെ കേസ്. ഗുരുവായൂര്‍ നഗരസഭാ സെക്രട്ടറിയായിരുന്ന രഘുരാമനെതിരെ പാവറട്ടി സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഗുരുവായൂര്‍ പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

2015 മേയിലാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ബിരുദ പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് തയ്യാറാക്കുന്നതിനായി യുവതി നഗരസഭാ ഓഫീസിലെത്താറുണ്ട്. പ്രോജക്ട് പൂര്‍ത്തിയായ ശേഷം സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുന്നതിന് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വീട്ടിലാണെന്നും വീട്ടിലെത്തിയാല്‍ അറ്റസ്റ്റ് ചെയ്ത് തരാമെന്നും പറഞ്ഞുവെങ്കിലും സമ്മതമല്ലെന്നും ഓഫീസില്‍ വരുമ്പോള്‍ അറ്റസ്റ്റ് ചെയ്താല്‍ മതിയെന്നും പറഞ്ഞെന്നും യുവതിയുടെ പരാതിയിലുണ്ട്. വീട്ടില്‍ അമ്മയുണ്ട്. ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞദിവസം യുവതിയും മാതാപിതാക്കളും ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. കോട്ടയത്തേക്ക് സ്ഥലംമാറിപ്പോയ രഘുരാമന്‍ തന്നെ പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി തന്റെ കൈയ്യില്‍ നിന്ന് വിനോദ് എന്നയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് കാട്ടി കഴിഞ്ഞ ദിവസം ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് യുവതിയും രക്ഷിതാക്കളും പൊലീസിനെ സമീപിച്ചത്. യുവതിയെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.