“മുഖ്യമന്ത്രി,ട്രാന്സ്ഫോബിക്കായ നിങ്ങളുടെ പോലീസ് ഞങ്ങളെ വേട്ടയാടുകയാണ്, നീതി നിഷേധിക്കുകയാണ്; ‘ഞങ്ങള്‍ക്ക് ജീവിക്കാന്‍ ആഗ്രഹമുണ്ട്..”

ട്രാന്‍സ്ജന്‍ഡര്‍ സമൂഹം കേരളത്തില്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ചെറുതല്ല. കേരള ജനത ട്രാന്‍സ്ജന്‍ഡറുകളോട് കാണിക്കുന്ന ക്രൂരത ഭയങ്കരമാണ്. ട്രാന്‍സ്ജന്‍ഡേഴ്‌സിനെക്കുറിച്ച് നിലനില്‍ക്കുന്ന അബദ്ധ ധാരണകളെ മുതലെടുത്ത് പൊലീസ് കള്ളക്കേസ് ചുമത്തുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. പൊലീസില്‍ തന്നെ ഒരു വലിയ വിഭാഗം ശക്തമായ ട്രാന്‍സ് വിരുദ്ധ മനോഭാവം ഉള്ളവരാണ്.

ഇതിനെതിരെ പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിച്ച് ട്രാന്‍സ്ജന്‍ഡര്‍ മനുഷ്യാവകാശ പോരാളി പിങ്കു സംഗീതിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ പങ്കുവയ്ക്കുന്നു:

സ്ത്രീവേഷം ധരിച്ചും, അധിക്ഷേപങ്ങള്‍ അതിജീവിച്ചും, സ്വന്തം ശരീരത്തിലും, ലൈഗീകതയിലും, ജീവിതത്തിലും ,തിരഞ്ഞെടുപ്പുകള്‍ ഉണ്ടാക്കിയെടുത്തും, പോലീസിന്റെയും പൗരസമൂഹത്തിന്റെയും മൂല്യങ്ങളോടും അവകാശ ലംഘനങ്ങളോടും നിരന്തരമായി കലഹിച്ചും ഇടപെട്ടും ജീവിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റി നേടിയെടുത്ത വിസിബിലിറ്റിയില്‍ അസൂയകൊണ്ടാണോ കേരളം പൊലീസിന് ഞങ്ങളോട് ഇത്ര വാശിയും ശത്രുതയും ?അറിയില്ല.

കുറച്ചു നാളുകളായി ഒരു whole കമ്മ്യൂണിറ്റിയെ പോലീസ്- അക്രമത്തിനും ചൂഷണങ്ങള്‍ക്കും വിധേയരാക്കികൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ജീവിക്കുകയല്ല, ഓരോ ദിവസവും അതി ജീവിക്കുകയാണ്.
കൊച്ചിന്‍ മെട്രോ ജോലി നല്‍കിയും ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജന്‍ഡര്‍ പോളിസി ഉണ്ടാക്കിയും ട്രാന്‍സ്ജന്‍ഡേഴ്‌സിനെ ഉദ്ധരിച്ചു കുമ്മനടിച്ചു ലോകത്തിന്റെ പുരോഗമന നെറുകയില്‍ എത്തിയ LDF സര്‍ക്കാരിനോട് പറയട്ടെ ഞങ്ങള്‍ ഇവിടെ അരക്ഷിതരാണ്. നിങളുടെ പോലീസ് ഞങ്ങളെ വേട്ടയാടുകയാണ്, നീതി നിഷേധിക്കുകയാണ്, ‘ഞങ്ങള്‍ക്ക് ജീവിക്കാന്‍ ആഗ്രഹമുണ്ട്’.

FACT 1
2016 ജൂലൈ 04
എറണാകുളം.
എറണാകുളം നഗരത്തില്‍ 2 ട്രാന്‍സ്ജന്‍ഡേഴ്‌സിനെ ക്രൂരമായി പോലീസ് മര്‍ദിച്ചു. പ്രേതിഷേധങ്ങള്‍ക്കും പ്രകടനകള്‍ക്കും ഒടുവില്‍ ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി 11 മണിക്ക് ശേഷം ട്രാന്‍സ്ജന്‍ഡേഴ്‌സിനെ എറണാകുളം നഗരത്തില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു കൊച്ചി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടു. അന്ന് അടികിട്ടിയവര്‍ക്ക് വേദനിച്ചു എന്നല്ലാതെ; നടപടികള്‍ ഉണ്ടാകും എന്ന് പറഞ്ഞു കേട്ടതല്ലാതെ, ഒന്നും LDF സര്‍ക്കാര്‍ വന്നു ശരിയാക്കിയത് കണ്ടില്ല. അന്ന് ഞങള്‍ അവിടെ ആവശ്യപെട്ടതു ‘ഞങ്ങള്‍ക്ക് സംരക്ഷണം വേണം എന്നാണ് ‘അത് നടപ്പിലാക്കി താരാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തിനാണ് transgender friendly അല്ലാത്ത ഒരു transgender policy ഞങ്ങള്‍ക്ക്?

FACT 02
2017 മാര്‍ച്ച് 18
തൃശൂര്‍.
താമസ സ്ഥലമായ ബാംഗ്ലൂര്‍ നഗരത്തിലേക്ക് മടങ്ങാന്‍ സ്വന്തം നാടായ തൃശ്ശൂരില്‍ നിന്നും ബസ് കാത്തു നിന്ന മൂന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ തൃശൂര്‍ പോലീസ് ഒരു കാരണവുമില്ലാതെ ലാത്തി വീശി തല്ലി. അതി ക്രൂരമായി മര്‍ദ്ദനമേറ്റവര്‍ തൃശൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചെന്നപ്പോള്‍ transfriendly കേരളത്തിലെ ഡോക്ടര്‍ അവര്‍ക്കു ചികിത്സ നിഷേധിച്ചു. മറ്റൊന്നുമല്ല racism ആയിരുന്നു അത്. പുച്ഛം തോനുന്നു ഈ hetrosexual സമൂഹത്തില്‍ ഉള്ള മാന്യന്മാരോട്. പ്രിവിലേജുകളുടെയും അധികാരത്തിന്റെയും മുകളില്‍ ഇരുന്നു ഞങ്ങളെ നന്നാക്കാന്‍ ഇറങ്ങുമ്പോള്‍ ഓര്‍ക്കുക നിങ്ങളുടെ ഐഡിയല്‍ എന്ന് നിങ്ങള്‍ കാണുന്ന സൊസൈറ്റി യുടെ മൊറാലിറ്റിയിലേയ്ക്ക് കടന്നു വരന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല ഞങ്ങള്‍ക്കു ഞങ്ങളുടേതായ pleasure ഉള്ള ഒരു culture ഉണ്ട്.

FACT 3
2017 ജൂലൈ 06
എറണാകുളം.
തങ്ങളെ കവര്‍ച്ച ചെയ്യാന്‍ ശ്രെമിച്ച യുവാവിനെ പിടിച്ചു നിര്‍ത്തി തെളിവുകള്‍ സഹിതം പോലീസിനെ വിളിച്ചു വരുത്തി ഏല്പിച്ചപ്പോള്‍ രാത്രി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പോലീസ്‌കാര്‍ ഒരു കാര്യവുമില്ലാതെ കസ്റ്റഡിയില്‍ എടുത്തത് 16 ട്രാന്‍സ്ജന്‍ഡേഴ്‌സിനെ. അതില്‍ പോലീസ് ഫാബ്രിക്കേറ്റഡ് FIR ആറ് ട്രാന്‍സ്ജന്‍ഡര്‍ സുഹൃത്തുക്കളെ വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു റിമാന്‍ഡ് ചെയ്തു. കുറ്റം ചെയ്തവനെ പിടിച്ചുനല്‍കിയവര്‍ കുറ്റക്കാര്‍. എന്തിനായിരുന്നു അത് ? നിങ്ങളുടെ നേരമ്പോക്കോ ? അന്ന് റിമാന്ഡിലായവര്‍ ജാമ്യത്തില്‍ വന്നത് 20 ദിവസങ്ങള്‍ക്കു ശേഷം.

FACT 04
2017 ഓഗസ്റ്റ് 12 – 15 ദിവസങ്ങള്‍
ആലുവ ഗൗരി.
കേരളത്തിലെ ട്രാന്‍സ്ജിന്‍ഡര്‍ കമ്മ്യൂണിറ്റിയ നടുക്കിയ സംഭവമായിരുന്നു ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട ട്രാന്‍സ്ജന്‍ഡര്‍ ഗൗരി. മരണശേഷം മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞു ജീര്‍ണിച്ച അവസ്ഥയില്‍ ലഭിച്ച മൃതദേഹം കേരളത്തില്‍ ജീവിക്കുന്ന ട്രാന്‍സ്ജന്‍ഡേഴ്‌സിന് മുന്നില്‍ ഞങ്ങളുടെ സുരക്ഷയെപറ്റി ഞങ്ങളോട് തന്നേ ഉള്ള ഒരു ചോദ്യമായി മാറി. അന്ന് ഗൗരിയുട് പോലീസ് കാണിച്ച ക്രൂരത മറക്കുന്നില്ല. അന്വേഷണ അവസാനം കുറ്റക്കാരിയായി അവര്‍ പറഞ്ഞത് ഗൗരിയെ, സ്വയം രക്ഷക്ക് പിടിച്ചുപറിക്കാരിയില്‍ നിന്നും രക്ഷപെടാന്‍ ശ്രെമിച്ച യുവാവ് നിരപരാധി. വെല്‍ സ്‌ക്രിപ്റ്റഡ് ആയി അവര്‍ ആ കേസ് ഒഴിവാക്കി. ഗൗരിയുടെ മരണത്തെ കുറിച്ച് പിന്നെ ആരും അന്വേഷിച്ചില്ല, അവള്‍ക്കു കുടുംബം ഇല്ല, നാട് എവിടെയാണ് അറിയില്ല, അനൃ ദേശകാരിയായിരുന്നു. അവള മറന്നു.

FACT 05
2017 ഓഗസ്റ്റ് 15
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍.
സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് രാത്രി ജീവന്‍ രക്ഷിക്കാന്‍ കത്തിമുനയില്‍ നിന്നും ഓടി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കയറിയ അനുഭവമാണ് എനിക്കും എന്റെ സുഹൃത്ത് ദീക്ഷയ്കും ഉണ്ടായതു. എറണാകുളത്ത് പോലീസിന്റെ സപ്പോര്‍ട്ടോടു കൂടി ട്രാന്‍സ്ജന്‍ഡേഴ്‌സിനിടയില്‍ ലൈംഗീക, സാമ്പത്തിക ചൂഷണങ്ങള്‍ ചെയ്യുന്ന കുറച്ചു സംഘങ്ങള്‍ ഉണ്ട്. അവര്‍ക്കെതിരെ പോലീസില്‍ പരാതി പെട്ടിട്ടു കാര്യമില്ല. പരാതി നല്‍കിയ എന്റെ സുഹൃത്ത് ദീക്ഷയെയും, കാവ്യയെയും ദിവസങ്ങള്‍ക്കുളില്‍ അവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. സംസ്ഥാനത്തെ ഓരോ വ്യക്തിയെയും അവന്റെ സ്വത്തിനെയും സംരക്ഷിക്കാന്‍ നിയമപ്പെടുത്തിയ പോലീസില്‍ നിന്നുമാണ് ഞങ്ങള്‍ ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റി ഇപ്പോള്‍ സംരക്ഷണം ആവശ്യപെടുന്നത്.

FACT 06
2017 ഓഗസ്റ്റ് 08
തിരൂര്‍ – മലപ്പുറം.
മലപ്പുറം ജില്ലയില്‍ തിരൂരിലും ട്രാന്‍സ്ജന്‍ഡേഴ്‌സിന് നേരെ അക്രമം ഉണ്ടായി. മനുഷ്യത്വ രഹിതമായി അവരെ അടിച്ചോടിക്കുകയാണ് അവിടെ ഉണ്ടായത്.

FACT 07
2017 നവംബര് 03
എറണാകുളം.
യൂബര്‍ ടാക്‌സി ഡ്രൈവറായ നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ എറണാകുളത്തു കമ്മ്യൂണിറ്റിക്കുള്ളില്‍ നിന്നും സാമ്പത്തിക/ലൈംഗീക ചൂഷണങ്ങള്‍ നടത്തിപ്പോരുന്ന ഒരാളുടെ പരാതിയിന്മേല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ CI നാലുപേരെ അറസ്റ്റ് ചെയ്തു. നിരന്തരമായി കമ്മ്യൂണിറ്റി അവരുടെ അധികാരത്തിനു കീഴിലാക്കാന്‍ ശ്രമിക്കുന സംഘങ്ങളിലെ ഒരാളും, ഞങ്ങളുടെ വിസിബിലിറ്റി കണ്ണുകടി മാത്രമാകുന്ന കേരളം പോലിസും ചേര്‍ന്ന് നിര്‍മിച്ച ഒരു റോബെറി കേസ് 4 ട്രാന്‍സ്ജന്‍ഡര്‍ സുഹൃത്തുക്കളെ വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു എത്തിച്ചു. അതില്‍ ജാമ്യം ലഭിച്ചിട്ടും ജാമ്യക്കാര്‍ ഇല്ലാത്തതിഞ്ഞാല്‍ ഇപ്പോഴും രണ്ടുപേര്‍ ജയിലില്‍ ആണ്. ഫാബ്രിക്കേറ്റഡ് കേസുകളില്‍ നിരന്തരമായി ട്രാന്‍സ്ജന്‍ഡേര്‍സ് കുറ്റവാളികള്‍ ആണെന് കോടതിയില്‍ സ്ഥാപിച്ചു ജാമ്യനടപടികള്‍ കര്‍ശനമാക്കി.

FACT 08
2017 ഡിസംബര്‍ 28
കാലിക്കറ്റ്.
സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച തുടര്‍ വിദ്യാഭ്യാസ പ്രോഗ്രാമിന്റെ കലോത്സവത്തില്‍ പങ്കെടുത്തു തിരിച്ചു വന്ന രണ്ടു ട്രാന്‍സ്ജന്‍ഡര്‍ സുഹൃത്തുക്കളെ പോലീസ് അതി ക്രൂരമായി തല്ലി ചതച്ചു, നിലത്തിട്ടു ചവിട്ടി ഇഴച്ചു. ‘നീ ഒക്കെ മരിക്കണം, നിനക്കൊന്നും ഇവിടെ ജീവിക്കാന്‍ അവകാശമില്ല എന്ന് കോഴിക്കോട് കസബ സ്റ്റേഷന്‍ SI പറഞ്ഞു. മര്‍ദിച്ചു അവശരാക്കിയ അവരെ ആ രാത്രി വഴിയില്‍ ഉപേക്ഷിച്ചു പോയി. ഏതേ സമയം ഒരാഴ്ച മുന്‍പ് തങ്ങളുടെ പേരില്‍ നല്‍കിയ കള്ള കേസ് പിന്‍വലിക്കാന്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയ 5 ട്രാന്‍സ്ജന്‍ഡര്‍ സുഹൃത്തുക്കളോട് അവിടത്തെ SI രണ്ട് ഓപ്ഷന്‍ നല്‍കി അവരെ വെടിവെച്ച് കൊല്ലണോ അതോ നാട്ടുകാരെ കൊണ്ട് തല്ലിക്കൊല്ലിക്കണോ??
എവിടെ ആയാലും പോലീസ് ഞങ്ങളെ വേട്ടയാടുകയാണ്. transfriendly എന്ന് അവകാശപ്പെടുമ്പോഴും അതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുമ്പോഴും ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ ദൃശ്യത കേരളത്തില്‍ ഉണ്ടാകരുത് എന്ന് കേരളാപോലീസിനും ആഭ്യന്തര വകുപ്പിനും നിര്‍ബന്ധം ഉണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.

FACT 09
2018 ജനുവരി 05
എറണാകുളം.
ദിവസം ഒരാള്‍ 300 – 400 രൂപ നല്‍കി കൂട്ടമായി ഒരു മുറിയിലാണ് അവിടെ ഐശ്വര്യ ലോഡ്ജില്‍ അവര്‍ താമസിച്ചിരുന്നത്. പകല്‍ സമയങ്ങളില്‍ ലോഡ്ജിന് റിസപ്ഷന്‍ ഭാഗത്തേക്ക് വരരുത്, ആവശ്യ സാധനങ്ങള്‍ റിസെപ്ഷനിസ്‌റ് മേടിച്ചു നല്‍കും ,അവരെ കാണാന്‍ മറ്റാരും അവിടെ വരരുത്, ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ മറ്റു അംഗങ്ങള്‍ വന്നാല്‍ കൂടി പ്രശ്‌നം. ട്രാന്‍സ്ജന്‍ഡേര്‍സ് ആയതു കൊണ്ട് മാത്രമാണ് എന്റെ സുഹൃത്തുക്കള്‍ക്ക് അവരുടെ സ്വന്തം വീടോ സുരക്ഷിതമായി ഉറങ്ങാന്‍ ഒരു താമസ സ്ഥലമോ ലഭിക്കാത്തത് അതില്‍ അവര്‍ എന്ത് തെറ്റ് ചെയ്തു? അങ്ങനെ ഉള്ള അവസ്ഥയില്‍ കിടക്കാന്‍ ഒരു ഇടം കിട്ടുന്നത് തന്നെ ഭാഗ്യം. ആ കിട്ടുന്ന ലോഡ്ജില്‍ മറ്റെന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ അന്വേഷിക്കാറില്ല.
ഈ സംഭവം നടക്കുന്നതിനും രണ്ടു ദിവസം മുന്‍പ് എറണാകുളം സെന്‍ട്രല്‍ ; പോലീസ് സ്റ്റേഷന്‍ SI ട്രാന്‍സ്ജന്‍ഡേഴ്‌സിനെ താമസിപ്പിക്കാന്‍ സാധിക്കില്ല അവരെ ഇറക്കിവിടണം എന്ന ഭീഷണിയും ആയി ലോഡ്ജ് അധികൃതരെ സമീപിച്ചിരുന്നു. നിരന്തര വേട്ടയാടലിന്റെ ക്ലൈമാക്‌സ് ആയിരുന്നു ഈ റയ്ഡും തുടര്‍ന്നുള്ള ഓണ്‍ലൈന്‍ പെണ്‍ വാണിഭ റാക്കറ്റിലെ ട്രാന്‍സ്ജന്‍ഡര്‍ ബന്ധവും. മസാല ചേര്‍ക്കുന്ന പോലീസ് തിരക്കഥാകൃത്തുക്കളോട് ‘അതില്‍ നിങ്ങളുടെ ഈ മൊറാലിറ്റി നിറഞ്ഞ സൊസൈറ്റിയില്‍ ഇനിയും ജീവിക്കേണ്ട ഒരു പെണ്‍കുട്ട്ി ഉണ്ട്, തന്റെ സഹോദരിയെ കാണാന്‍ വന്നവള്‍. വേട്ടക്കാര്‍ക്ക് വേട്ടയാടാന്‍ ഇരകളുടെ എണ്ണം കൂടാനാണോ അവളെയും പ്രതി ചേര്‍ത്തത്.

കേരളസര്‍ക്കാറിനോട് കൂടി ചിലത് പറയാനുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ പോളിസി കാരണം സാമൂഹിക നീതി വകുപ്പ് ,സാക്ഷരതാ മിഷന്‍, കുടുംബശ്രീ എന്നീ മേഖലകളില്‍ നിന്നും എന്തൊക്കെയോ സേവനങ്ങള്‍ നിങ്ങള്‍ ഔദാര്യമായി ഞങ്ങള്‍ക്ക് നല്‍കി. അത് നിങ്ങള്‍ തന്നതാണ്, നിങ്ങളുടെ hetrosexual ലോജിക്കില്‍ നിന്നും ചിന്തിച്ചു നിങ്ങള്‍ ഐഡിയല്‍ ആയി കാണുന്ന സൊസൈറ്റിയില്‍ ഞങ്ങളെ എത്തിക്കാനുള്ള ശ്രമം. അതൊന്നുമല്ല ഇപ്പോള്‍ ഞങ്ങളുടെ ആവശ്യം ധൈര്യമായി കിടന്നുറങ്ങാന്‍, സുരക്ഷിതരാണ് എന്ന് ഞങ്ങള്‍ക്ക് ഉറപ്പു വരുത്താന്‍ ഞങ്ങളുടെയായ ഒരു സ്ഥലം, അത് ഞങ്ങള്‍ക്കു വേണം. ഞങ്ങള്‍ വ്യത്യസ്തരാണ് നിങ്ങളെ പോലെ അല്ല; ഞങ്ങള്‍ ഞങ്ങളുടെ sex -നെ പറ്റിയും ജന്‍ഡര്‍-നെ പറ്റിയും,sexuality -യെ പറ്റിയും തുറന്നു പറയുന്നവരാണ്. അത് നിങ്ങളുടെ മൊറാലിറ്റിക്കു ചേരുന്നില്ല എന്നുണ്ടോ? എങ്കില്‍ അത് നിങ്ങളുടെ പ്രശ്‌നമാണ്.