ജനരക്ഷ യാത്രയ്ക്കു കിട്ടിയ പിന്തുണ സംഘടനാതലത്തില്‍ പ്രയോജനപ്പെടുത്താന്‍ ‘വികാസ യാത്ര’യ്‌ക്കൊരുങ്ങി ബിജെപി

തിരുവനന്തപുരം: ജനരക്ഷ യാത്രയ്ക്കു കിട്ടിയ പിന്തുണ സംഘടനാതലത്തില്‍ പ്രയോജനപ്പെടുത്താന്‍ ‘വികാസ യാത്ര’യ്‌ക്കൊരുങ്ങി ബിജെപി. ഈമാസം 16 മുതല്‍ മാര്‍ച്ച് 15 വരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും വികാസ യാത്ര നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ അറിയിച്ചു. ഓരോ ജില്ലകളിലും രണ്ട്, മൂന്ന് ദിവസം വീതമായിരിക്കും പര്യടനം. 16ന് തൃശൂരില്‍ തുടങ്ങുന്ന പര്യടനം മാര്‍ച്ച് 15ന് കോട്ടയത്ത് സമാപിക്കും.

ലോകകേരള സഭ എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന സമ്മേളനം തട്ടിപ്പാണെന്ന് സംസ്ഥാന നേതൃയോഗം വിലയിരുത്തി. കേരളത്തിന്റെ വികസനത്തിനായി ഒരു പദ്ധതിയും ആവിഷ്‌കരിച്ച് അവതരിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കേന്ദ്രം അനുവദിച്ച ആയിരക്കണക്കിന് കോടി രൂപ പാഴാക്കി കളയുകയാണ്. സമ്മേളന മാമാങ്കം നടത്തുന്ന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം 12 കെഎസ്ആര്‍ടിസി ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കണം.