പെന്‍ഷന്‍ കിട്ടാതെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരേ ചെന്നിത്തല

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയത് കാരണം വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവമെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായിരുന്ന കൂത്താട്ടുകുളത്തിനടുത്ത് വാളായിക്കുന്ന് തട്ടുംപുറത്ത് മാധവന്റെ വിധവ തങ്കമ്മയാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തത്. മനോദൗര്‍ബല്യമുള്ള മകന്‍ ഉള്‍െപ്പടെയുള്ള കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ പെന്‍ഷന്‍. അഞ്ചു മാസമായി അത് മുടങ്ങിയതോടെ കടംകയറി നില്‍ക്കക്കള്ളിയില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്.

പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും ഹെലികോപ്റ്ററില്‍ പാര്‍ട്ടി സമ്മേളനത്തിന് പറക്കാനും ധൂര്‍ത്തടിക്കാനും പണമുണ്ട്. ഇനിയെങ്കിലും ഇതൊരു മാനുഷിക പ്രശ്‌നമായി കണ്ട് സര്‍ക്കാര്‍ കണ്ണ് തുറന്ന് നിരാലംബരായ കെ.എസ്.ആര്‍.ടി.സിക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.