സുപ്രീംകോടതിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. പതിനൊന്നാം നമ്പര്‍ കോടതി ഇന്ന് പ്രവര്‍ത്തിക്കില്ല. മറ്റ് കോടതികള്‍ ചേരാന്‍ 15 മിനിറ്റോളം വൈകി. ജസ്റ്റിസ് എ.കെ.ഗോയലും, ജസ്റ്റിസ് യു.യു.ലളിതും അടങ്ങിയ ബെഞ്ചാണ് ഇന്ന് പ്രവര്‍ത്തിക്കാത്തത്. ഒരു ജഡ്ജിക്ക് സുഖമില്ലാത്തതിനാലാണ് കോടതി പ്രവര്‍ത്തിക്കാത്തതെന്നാണ് വിശദീകരണം.  10.30നാണ് സാധാരണ ദിവസങ്ങളില്‍ കോടതി പ്രവര്‍ത്തനം തുടങ്ങുന്നത്. അതേസമയം വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച 4 ജഡ്ജിമാരുടെ കോടതികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

കോടതിയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്ന് വിമർശകരിലൊരാളായ ജസ്റ്റിസ് ജസ്തി ചെലമേശ്വർ പറഞ്ഞിരുന്നു. ചർച്ച വിജയിച്ചാലും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫുൾ കോർട്ട് ചേരേണ്ടിവരുമെന്നാണു സുപ്രീംകോടതി വൃത്തങ്ങൾ‍ പറയുന്നത്. ഇതിനിടെ, ജസ്റ്റിസ് പി.ബി.സാവന്ത് ഉൾപ്പെടെ നാല് മുൻ ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെഴുതിയ തുറന്നകത്തിലൂടെ പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. പരസ്യമായി പറഞ്ഞ പ്രശ്നം ചീഫ് ജസ്റ്റിസിനോട് തങ്ങൾ നാലുപേരും നേരത്തേ ഉന്നയിച്ചതാണെന്നും ഇനി ഫുൾ‍കോർട്ട് വിളിക്കുന്നതാവും ഫലപ്രദമെന്നും ഇവർക്കു നിലപാടുള്ളതായി സൂചനയുണ്ട്. ഇടനിലക്കാരിലൂടെ ചർച്ച നടത്തുന്നതിൽ കാര്യമില്ലെന്നും ഇവർക്ക് അഭിപ്രായമുണ്ട്.

ചർച്ച നടത്തിയാലും ചീഫ് ജസ്റ്റിസ് ശൈലി മാറ്റിയാൽ മാത്രമേ പ്രശ്നം അവസാനിക്കുകയുള്ളൂ എന്ന നിലപാടിലാണ് വിമർശനമുന്നയിച്ച ജഡ്ജിമാർ. തന്റെ പ്രവർത്തനശൈലിയെ പരസ്യമായി വിമർശിച്ച നാല് ജഡ്ജിമാരുമായി ചർച്ചയ്ക്കു തയാറെന്നു കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷക നേതാക്കളോടു വ്യക്തമാക്കിയതായി സൂചനയുണ്ടായിരുന്നു.  ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയും സുപ്രീം കോടതി ബാർ അസോസിയേഷന്റെയും പ്രതിനിധികൾ ചീഫ് ജസ്റ്റിസുമായും വിമർശനമുന്നയിച്ച ജഡ്ജിമാരുമായും ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.

ജസ്റ്റിസ് ചെലമേശ്വറിന് പുറമെ, സുപ്രീം കോടതി ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ‍ ജോസഫ് എന്നിവരാണ്, പ്രധാനപ്പെട്ട കേസുകൾ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനെ ഏൽപിക്കുന്ന ചീഫ് ജസ്റ്റിസിന്റെ രീതിക്കെതിരെ പരസ്യവിമർശനമുന്നയിച്ചത്.

പ്രശ്നം ഫുൾ കോർട്ട് വിളിച്ചു ചർച്ച ചെയ്യണമെന്നും പൊതുതാൽപര്യ ഹർജികൾ ഏറ്റവും മുതിർ‍ന്ന ജഡ്ജിമാർ പരിഗണിക്കാൻ വ്യവസ്ഥയുണ്ടാക്കണമെന്നും ബാർ അസോസിയേഷൻ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു. സുപ്രീംകോടതിയിലെ ജസ്റ്റിസ് എസ്.എ.ബോബ്ഡെയും ജസ്റ്റിസ് എൽ.നാഗേശ്വര റാവുവും ജസ്റ്റിസ് ചെലമേശ്വറിനെ ഞായറാഴ്ചയും വീട്ടിൽ സന്ദർശിച്ചു. മധ്യസ്‌ഥ ശ്രമങ്ങൾ ഫലം കണ്ടാൽ ഇന്നുതന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും സൂചനയുണ്ട്. വെള്ളിയാഴ്ചയാണ് പ്രതിസന്ധി തുടങ്ങിയത്. സിബിഐ പ്രത്യക കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് മുതിർന്ന ജഡ്ജിയുടെ ബെഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസ് തയാറായാൽ താൽക്കാലിക പരിഹാരമുണ്ടായേക്കും.