‘ലോക കേരള സഭ’ക്കാലത്തെ തങ്കമ്മയുടെ ആത്മഹത്യ; അഥവ സര്‍ക്കാര്‍ നടത്തിയ പൗരഹത്യ

കുറേ പ്രസംഗങ്ങള്‍ അല്ലാതെ എന്തു നേട്ടമാണ്‌
ജനുവരി 12,13 തീയതികളില്‍
തിരുവനന്തപുരത്ത്‌ നടത്തിയ ‘
‘ലോക കേരള സഭ”കൊണ്ടുണ്ടായത്‌?
“നേട്ടം” എത്രപേര്‍ക്ക്‌ ,എത്രവീതം എന്ന്‌ കൃത്യമായി അറിയാന്‍’ലോക കേരള സഭ’യുടെ പ്രഥമസമ്മേളനത്തിന്‌ എത്ര കോടി പൊടിച്ചു (മുടിച്ചു)എന്നതിന്റെ കണക്ക്‌ പുറത്ത്‌ വരുന്നത്‌ വരെ കാത്തിരിക്കണം.
എങ്കിലും ഒരു നേട്ടം പറയാം
‘ലോക കേരള സഭ’ കൂടാന്‍ നിയമസഭയുടെ മുന്നിലെ ടൈല്‍സുകള്‍ മുഴുവന്‍ മാറ്റിയിട്ടതിന്‌ ചെലവായത്‌ നാലു കോടി രൂപ!
(അതിന്റെ കമ്മീഷന്‍ ആര്‍ക്കൊക്കെ കിട്ടിയെന്നതിന്റെ വിശദാംശങ്ങള്‍ അടുത്തു തന്നെ അറിയാന്‍ കഴിയും)
നാലു കോടി മുടക്കി നിയമസഭാ മന്ദിരത്തിന്റെ മുറ്റം മോടിപിടിപ്പിച്ച്‌ ‘ലോക കേരള സഭ’നടത്തുന്നതിനിടയിലാണ്‌
തങ്കമ്മയുടെ ആത്മഹത്യ;
അല്ല സര്‍ക്കാര്‍ നടത്തിയ കൊലപാതകം
ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോള്‍ തങ്കമ്മ തെരഞ്ഞെടുത്ത വഴിയാണ്‌ ആത്മഹത്യ. രോഗികളായ രണ്ട്‌ മക്കളെ തനിച്ചാക്കി പോവാന്‍ അവര്‍ക്ക്‌ മനസ്സുണ്ടായിട്ടല്ല. പക്ഷെ രോഗികളായ അവര്‍ക്ക്‌ മരുന്നോ, ഒരു നേരത്തെ ആഹാരമോ നല്‍കാന്‍ ആ അമ്മയുടെ കൈയ്യില്‍ പത്ത്‌ രൂപ പോലുമുണ്ടായിരുന്നില്ല.
അതു കൊണ്ട്‌ തങ്കമ്മ മരണം തിരഞ്ഞെടുത്തു.
റിട്ട. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കൂത്താട്ടുകുളം പാലക്കുഴ വാളായികുന്ന്‌ തട്ടുംപുറത്ത്‌ മാധവന്റെ ഭാര്യയാണ്‌ 63കാരിയായ തങ്കമ്മ. മാധവന്‍ മരിച്ചിട്ട്‌ എട്ടുവര്‍ഷമായി. ആശ്രിതര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപ പെന്‍ഷന്‍ തുക കൊണ്ടാണ്‌ തങ്കമ്മ കുടുംബം നോക്കിയിരുന്നത്‌. വീട്ടുകാര്യങ്ങളും രോഗികളായ മക്കളുടെ ചികിത്സയും മറ്റ്‌ ചെലവുകളും എല്ലാം ഈ കിട്ടുന്ന തുക കൊണ്ട്‌ നിര്‍വ്വഹിച്ചു പോന്നു. നാട്ടുകാര്‍ തങ്കമ്മയെക്കുറിച്ച്‌ പറയുന്നതിങ്ങനെയാണ്‌; “എത്ര ദാരിദ്ര്യമുണ്ടെങ്കിലും ആരുടെ മുന്നിലും അഞ്ച്‌ പൈസയ്ക്ക്‌ കൈനീട്ടില്ല. പെന്‍ഷന്‍ കിട്ടുന്ന കാശുകൊണ്ട്‌ ഇതെല്ലാം ഒരു വിധം എങ്ങനേലുമൊക്കെ തട്ടീമുട്ടീം മുന്നോട്ട്‌ പോവുകയായിരുന്നു. വലിയ കഷ്ടമായിരുന്നു അവരുടെ കാര്യം.”
കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം പല തവണ, മാസങ്ങളോളം പെന്‍ഷന്‍ മുടങ്ങി. എങ്കിലും അയല്‍ക്കൂട്ടത്തില്‍ നിന്നും മറ്റും ചെറിയ വായ്പകളെടുത്ത്‌ വീട്ടിലെ കാര്യങ്ങള്‍ നടത്തുകയും പിന്നീട്‌ പണം കിട്ടുമ്പോള്‍ ഇത്‌ തീര്‍ക്കുകയുമായിരുന്നു പതിവ്‌. എന്നാല്‍ കഴിഞ്ഞ ആറ്‌ മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ എടുത്ത വായ്പകള്‍ പോലും തിരിച്ചടക്കാനാവാതെ, വിശപ്പടക്കാന്‍ ആഹാരമില്ലാതെ, മക്കള്‍ക്ക്‌ മരുന്നുകള്‍ വാങ്ങാന്‍ കഴിയാതെ തങ്കമ്മയുടെ ജീവിതം വഴിമുട്ടി. അതിനിടെ സര്‍ക്കാര്‍ ഒരുമാസത്തെ പെന്‍ഷന്‍ ഡിസംബര്‍ മാസത്തില്‍ നല്‍കി. എന്നാല്‍ അത്‌ കടംവീട്ടാന്‍ പോലും തികയുമായിരുന്നില്ല.
അഞ്ച്‌ മാസത്തെ പെന്‍ഷന്‍ തുക കിട്ടാനുള്ളപ്പോള്‍,
കടം കയറി നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍,’
ലോക മലയാളി സഭ ‘കൂടിയ വെള്ളിയാഴ്ച
തങ്കമ്മ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു.
കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കേണ്ടി വന്നവരില്‍ ഒടുവിലത്തെ ഇരയാണ്‌ തങ്കമ്മ.
കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ കിട്ടാതെ 26 പേരാണ്‌ ആത്മഹത്യ ചെയ്തത്‌. എന്നാല്‍ എല്ലാം ശരിയാക്കാമെന്ന്‌ വാഗ്ദാനം ചെയ്ത പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി
ഒന്നരവര്‍ഷമാകുമ്പോള്‍  തങ്കമ്മയുള്‍പ്പെടെ  ആറ്‌ കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാര്‍
ആത്മഹത്യ ചെയ്തു.  പെന്‍ഷന്‍ നല്‍കാന്‍ അമ്പത്തിരണ്ട്‌ കോടി രൂപയാണ്‌ കെഎസ്‌ആര്‍ടിസിക്ക്‌ വേണ്ടത്‌.
പെന്‍ഷന്‍ തുക സംഭരിക്കാന്‍ ടിക്കറ്റ്‌ സെസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 25 രൂപയ്ക്ക്‌ മുകളിലുള്ള ടിക്കറ്റുകളില്‍ നിന്ന്‌ നിശ്ചിത ശതമാനം തുക പെന്‍ഷന്‍ ഫണ്ടിലേക്ക്‌ എത്തിച്ചേരുന്നുണ്ട്‌. അതുകൂടാതെ ആകെ വരുമാനത്തിന്റെ പത്ത്‌ ശതമാനം പെന്‍ഷന്‍ നല്‍കാന്‍ ചെലവഴിക്കണമെന്നാണ്‌ തീരുമാനം. ഇതെല്ലാം ചേര്‍ത്ത്‌ ശരാശരി 72 കോടി രൂപയോളം പെന്‍ഷന്‍ ഫണ്ടിലെത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. ഇതിന്‌ പുറമെ സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ വിഹിതം വേറേയും
എന്നാല്‍ കടബാധ്യതകളില്‍ മുങ്ങി നില്‍ക്കുന്ന കെഎസ്‌ആര്‍ടിസി, പലിശയടയ്ക്കാനായി പെന്‍ഷന്‍ ഫണ്ടിലെ പണം  വകമാറ്റി ചെലവാക്കുന്നതിനാലാണ്‌
പെന്‍ഷന്‍ കുടിശികയായി മാറുന്നത്‌.
കടക്കെണിയില്‍ പെട്ട്‌ ആത്മഹത്യ ചെയ്തവരുടെ കണക്കുകള്‍ മാത്രമാണ്‌ പുറത്തുവന്നത്‌.പെന്‍ഷന്‍ കിട്ടാത്തത്‌ മൂലം മരുന്ന്‌ വാങ്ങിക്കാന്‍ ഗതിയില്ലാതെ രോഗം വന്ന്‌ മരിച്ച വയോധികരായ കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാര്‍ ഇതിന്റെ ഇരട്ടി വരും.
സര്‍ക്കാരിന്‌ ഇതൊന്നും അറിയാഞ്ഞിട്ടില്ല.
‘ലോക കേരള സഭ ‘ക്ക്‌ മുടക്കാന്‍ കോടികള്‍ സര്‍ക്കാരിനുണ്ട്‌. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഹെലികോപ്ടറില്‍ പറക്കാന്‍ കാശുണ്ട്‌.
എന്നാല്‍ പതിനായിരം രൂപ കൊടുത്താല്‍ രക്ഷപെട്ടേക്കാമായിരുന്ന  ഒരു ജീവന്‍ പൊലിഞ്ഞിട്ട്‌ അറിഞ്ഞ ഭാവം പോലുമില്ല സര്‍ക്കാരിന്‌!
പാവങ്ങളുടെ കാര്യം പറയുമ്പോള്‍ മാത്രം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവും.

അപ്പോള്‍ ഉറപ്പ്‌ തങ്കമ്മയുടേത്‌ ആത്മഹത്യയായിരുന്നില്ല
മറിച്ച്‌ സര്‍ക്കാര്‍ നടത്തിയ പൗരഹത്യയായിരുന്നു

ടൈറ്റസ്‌ കെ.വിളയില്‍