ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി; തുക മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും

ന്യൂഡല്‍ഹി:  ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. 700 കോടി രൂപ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കി. പകരം ഈ പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കും. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയത്.

ഈ വര്‍ഷം മുതല്‍ സബ്‌സിഡി ഉണ്ടാകില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ചില ഏജന്‍സികള്‍ക്ക് മാത്രമാണ് സബ്‌സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കപ്പലിലും ഹജ്ജിന് പോകാന്‍ സൗകര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ റെക്കോര്‍ഡ് തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുകന്നത്. 1,75,000 പേരാണ് ഇത്തവണ ഹജ്ജിന് പോകാന്‍ തയ്യാറെടുക്കുന്നത്. നാലുലക്ഷം പേരാണ് ഇത്തവണ ഹജ്ജിന് പോകാന്‍ അപേക്ഷിച്ചിരുന്നത്.

2018 ഓടെ സബ്‌സിഡി നിർത്തലാക്കുമെന്ന് ഹജ്ജ് സബ്‌സിഡി, ഹജ്ജ് സബ്‌സിഡി പുനരവലോകന സമിതി യോഗത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം 450 കോടി രൂപയോളമാണുഹജ്ജ് സബ്‌സിഡിക്കായി നീക്കിവച്ചിരുന്നത്. സബ്‌സിഡി ഘട്ടംഘട്ടമായി നിർത്തലാക്കാൻ 2012ൽ സുപ്രീകോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകിയിരുന്നു. 2022ന് അകം നിർത്താനായിരുന്നു നിർദേശം.  അതേസമയം, 1.70 ലക്ഷം തീർഥാടകരെ തീരുമാനം ബാധിക്കും. കേരളത്തിൽനിന്ന് പ്രതിവർഷം 10,981 പേരാണ് ഹജിനു പോയിരുന്നത്.

ഹജ്ജ് യാത്രയുടെ വിമാനക്കൂലിക്ക് സർക്കാർ വിമാനക്കമ്പനികൾക്കു നൽകുന്ന സബ്‌സിഡിയാണ് ഹജ്ജ് സബ്‌സിഡി എന്ന് പൊതുവെ അറിയപ്പെടുന്നത്. 2022 ഓടെ ഹജ്ജ് സബ്‌സിഡി ഘട്ടംഘട്ടമായി നിർത്തണമെന്നും ആ തുക പാവപ്പെട്ട മുസ്ലീങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കാമെന്നും 2012ൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടൽ കേന്ദ്രത്തിൽനിന്നുള്ള വിമാനക്കൂലിക്കാണ് ഹജ്ജ് സബ്‌സിഡി ലഭിക്കുന്നത്. കപ്പൽയാത്രയെക്കാൾ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സർക്കാർ സഹായം എന്ന നിലയിൽ 1974ൽ ഇന്ദിരാഗാന്ധിയാണ്  സബ്‌സിഡി തുടക്കമിട്ടത്.