നീതി തേടി ഷാജിയും കുടുംബവും ചിതയൊരുക്കി സമരം തുടങ്ങിയിട്ട്‌ 190 ദിവസം

ടൈറ്റസ്‌ കെ.വിളയില്‍
“അറ്റകൈക്ക്‌ ഉപ്പുതേയ്ക്കാത്ത”ഒരു ന്യൂജനറേഷന്‍ ‘ബ്ലെയ്ഡ്‌ ബാങ്കി’ന്റെ അനീതികരമായ ജപ്തിനടപടികളില്‍ നില്‍ക്കക്കള്ളിയില്ലാതെ ചിതയൊരുക്കി ഒരു കുടുംബം സമരം തുടങ്ങിയിട്ട്‌ ഇന്ന്‌ 190-ാ‍ം ദിവസം.

എച്ച്ഡിഎഫ്സി ബാങ്ക്‌ എന്ന ‘ഷൈലോക്കി’ന്‌ കരുത്തുപകരാന്‍ സര്‍ഫാസി നിയമത്തിന്റെ (The Securitisation and Reconstruction of Financial Assets and Enforcement of Security Interest Act, 2002 – SARFAESI Act )നീരാളിക്കൈകളും ഡെറ്റ്‌ റിക്കവറി ട്രിബ്യുണലിന്റെ (Debt Recovery Tribunal)നെറികെട്ട ഇടപെടലുകളുമുണ്ട്‌.

1994 ല്‍, അന്ന്‌ ലോര്‍ഡ്‌ കൃഷ്ണാ ബാങ്ക്‌ ആയിരുന്ന ഇന്നത്തെ എച്ച്ഡിഎഫ്സി ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ നിന്ന്‌ നിന്ന്‌ സുഹൃത്ത്‌ സാജന്‌ രണ്ട്‌ ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നയാളാണ്‌ മാനാത്തുപാടം ഷാജി. സാജന്റെ ബിസിനസ്‌ നഷ്ടത്തിലായപ്പോള്‍ ഒരു ലക്ഷം രൂപ തിരിച്ചടച്ചതും ഷാജിയായിരുന്നു.

എന്നാലിന്ന്‌ ബാങ്ക്‌ തിരിച്ചാവശ്യപ്പെടുന്നത്‌ വാങ്ങിയ പണത്തിന്റെ 115 ഇരട്ടിയിലധികം തുകയാണ്‌. ഇത്‌ തിരിച്ചടക്കേണ്ട ബാധ്യത ഷാജിക്കും. പണം വസൂലാക്കാനുള്ള നടപടികളുടെ ഭാഗമായി ഷാജിയുടെ വീടും 18.5 സെന്റ്‌ വസ്തുവും ജപ്തി ചെയ്യാനുള്ള ബാങ്ക്‌ നീക്കത്തിനെതിരായാണ്‌ ചിതയൊരുക്കി ഷാജിയും കുടുംബവും സമരം ചെയ്യുന്നത്‌. ആ സമരം ഇന്ന്‌ 190-ാ‍ം ദിവസത്തില്‍.

ഇപ്പോള്‍ ബാങ്ക്‌ ആവശ്യപ്പെടുന്നത്‌ രണ്ടു കോടി മുപ്പത്‌ ലക്ഷം രൂപയാണ്‌.കുടിശ്ശിക തീര്‍ക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഭീമമായ തുക ആവശ്യപ്പെട്ട്‌ ബാങ്ക്‌ തന്നെ തിരിച്ചടവ്‌ മുടക്കിയിരുന്നു. മാത്രമല്ല ഷാജിയുടെ പതിനെട്ടര സെന്റ്‌ സ്ഥലം ബാങ്കിന്‌ വേണ്ടി ഡെറ്റ്‌ റിക്കവറി ട്രിബ്യുണല്‍ വില്‍ക്കാനൊരുങ്ങുന്നത്‌ കേവലം 38 ലക്ഷം രൂപയ്ക്കാണ്‌.
രണ്ടരക്കോടിയോളം വില വരുന്ന വസ്തുവിന്റെ മൂന്ന്‌ സെന്റ്‌ വിറ്റാല്‍ കിട്ടുന്ന തുകക്ക്‌ മുഴുവന്‍ വസ്തുവും വില്‍ക്കാനുള്ള തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന്‌ “ഏത്‌ പൊലീസുകാരനും” മനസ്സിലാകും. മാത്രമല്ല 38 ലക്ഷം രൂപയ്ക്ക്‌ ബാങ്ക്‌,സ്ഥലം വിറ്റാല്‍ പോലും ബാക്കി പണം ഷാജിയും വീട്ടുകാരും തിരിച്ചടയ്ക്കുകയും വേണം

കണ്ണില്‍ച്ചോരയില്ലാത്ത ബാങ്കിന്റെ ഈ ക്രൂരതകള്‍ക്കെതിരെ 2018 ജനുവരി 17 ന്‌ എച്ച്ഡിഎഫ്സി ബാങ്കിന്റെ പാലാരിവട്ടം സോണല്‍ ഓഫീസിലേക്ക്‌ ഒരു ജപ്തി വിരുദ്ധ ജനകീയ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച്‌ നടത്തിയതിന്റെ തൊട്ടു തലേ ദിവസം ജപ്തി നടത്തണമെന്നവശ്യപ്പെട്ട്‌ ബാങ്ക്‌ ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത പൊലീസ്‌ സ്റ്റേഷനിലേക്ക്‌ വരികയും സമരം നടക്കുന്നതിനാല്‍ തിരിച്ച്‌ പോവുകയും ചെയ്തു. ഇതിനു മുമ്പും പലതവണ ഇവര്‍ ജപ്തി നടപടിക?ള്‍ സ്വീകരിച്ചിരുന്നു എന്ന്‌ ഷാജി പറയുന്നു

ഇതിനിടെ ബാങ്കില്‍ നിന്നും വായ്പയെടുത്ത സാജന്‍ തന്റെ പേരിലുള്ള സ്ഥലവും മറ്റു സ്വത്തുക്കളും സുഹൃത്തിന്റെ പേരിലേക്കാക്കി ഷാജിയെ വെട്ടിലാക്കുകയും ചെയ്തു . ന്യായമായ തുക തിരിച്ചടക്കാന്‍ ഷാജി തയ്യാറാണ്‌. എന്നാല്‍ ബാങ്ക്‌ അതിനു അനുവദിക്കുന്നില്ല.
സര്‍ഫാസി നിയമത്തിന്റെ ഭീകരതകളെ കുറിച്ചും ഡെറ്റ്‌ റിക്കവറി ട്രിബ്യുണലിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇതിനു മുമ്പും നിരവധി പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്‌.

ഇതിനിടെ സമരക്കാര്‍ തങ്ങളുടെ ജോലി തടസ്സപ്പെടുത്തുന്നു എന്ന ബാങ്കിന്റെ പരാതിയില്‍ ബാങ്കിന്റെ മുന്‍പില്‍ സമരം നടത്താന്‍ പാടില്ലെന്നും, 300 മീറ്റര്‍ ദൂരത്ത്‌ മാത്രമേ സമരം നടത്താവൂ എന്നും ഹൈക്കോടതിയില്‍ നിന്ന്‌ താത്ക്കാലിക ഉത്തരവ്‌ ബാങ്ക്‌ അധുകൃതര്‍ നേടിയിട്ടുമുണ്ട്‌.
ശ്രീജിത്തിനെ സഹായിച്ചതു പോലുള്ള സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ നിരപരാധിയായ ഷാജിക്കും കുടുംബത്തിനും ഈ നീരാളിപ്പിടുത്തത്തില്‍ നിന്ന്‌ രക്ഷ നേടാന്‍ കഴിയൂ