പണമായി 2000 രൂപയിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കരുതെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: പണമായി 2000 രൂപയിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കരുതെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. അനധികൃത പണമിടപാടുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണു നിര്‍ദേശം. രാജ്യത്തെ വിവിധ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യം ആദായനികുതി വകുപ്പ് നല്‍കിത്തുടങ്ങി.

നേരത്തേ, തിരഞ്ഞെടുപ്പ് ഫണ്ടുകളെ അഴിമതിവിമുക്തമാക്കാന്‍ കേന്ദ്രം ഈ വര്‍ഷം ‘ഇലക്ടറല്‍ ബോണ്ടുകള്‍’ ഏര്‍പ്പെടുത്തിയിരുന്നു. എസ്ബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകള്‍ വഴി വാങ്ങാവുന്ന ബോണ്ടുകള്‍ ഉപയോഗിച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കാവുന്ന സംവിധാനമാണിത്.

ഒരു വ്യക്തിയില്‍നിന്ന് ഒരു ദിവസം രണ്ടുലക്ഷത്തിലധികം രൂപ പണമായി വാങ്ങരുതെന്നും നിര്‍ദേശമുണ്ട്. ഭൂമി തുടങ്ങിയ വസ്തുക്കളുടെ ഇടപാടിന് 20,000 രൂപയോ അതിലധികമോ പണമായി വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. കച്ചവട സംബന്ധമായോ ജോലി സംബന്ധമായോ ഉള്ള ചെലവുകള്‍ 10,000 രൂപയിലധികം വരുന്നവ പണമായി നല്‍കരുതെന്നും നിര്‍ദേശമുണ്ട്.

ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നികുതിയോ പിഴയോ ഈടാക്കും. നിയമവിരുദ്ധമായി നടക്കുന്ന ഇടപാടുകള്‍ സംബന്ധിച്ചു പൊതുജനങ്ങള്‍ക്കും ആദായനികുതി വകുപ്പിനെ വിവരമറിയിക്കാം. blackmoneyinfo@incometax.gov.in എന്ന ഇമെയില്‍ ഐഡിയിലോ ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മിഷണറുടെ ഓഫിസിലോ ആണ് അറിയിക്കേണ്ടത്.