കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്ന് സിപിഐഎം: പിന്നില്‍ വന്‍ ഗൂഢാലോചന

കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്ന് സിപിഐഎം. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐഎം പറഞ്ഞു. ദുബൈ പൊലീസ് ബിനോയ് കോടിയേരിയുടെ പേരില്‍ നല്‍കിയ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റുകളോടെയാണ് സിപിഐഎം വിശദീകരണം നല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

സിപിഐഎമ്മിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മനോ’ഹരമായ മറ്റൊരു കള്ളം കൂടി പൊളിയുന്നു

പതിവ് കമ്മ്യൂണിസ്റ്റ് വിരോധം വച്ച് സമ്മേളന കാലയളവില്‍ മലയാള മാധ്യമ തമ്പുരാക്കന്‍മാര്‍ പടച്ചുവിടുന്ന കള്ളക്കഥയിലെ അവസാനത്തെ ഏടായിരുന്നു ഇന്നലെ മാധ്യങ്ങള്‍ ആവേശത്തോടെ ചര്‍ച്ചയാക്കിയ കോടിയേരിയുടെ മകന്റെ പേരിലുള്ള സാമ്പത്തിക ക്രമക്കേട് എന്ന ആരോപണം. ഇത് അടിസ്ഥാനമില്ലാത്ത കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ് ദുബൈ പൊലീസ് ബിനോയ് കോടിയേരിയുടെ പേരില്‍ ഇന്ന് നല്‍കിയ പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്.

ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വരെയുള്ള തിയ്യതിയില്‍ ബിനോയ് കോടിയേരിയുടെ പേരില്‍ യാതൊരു കേസും ദുബൈയില്‍ നിലവിലില്ലെന്ന് ദുബായ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിങ്ങ് ഡയറക്ടര്‍ ജനറല്‍ സലീം ഖലീഫ അലി ഖലീഫ അല്‍ റുമൈത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.

ദുബൈയിൽ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്നാണു ബിനോയ്ക്കെതിരായ ആരോപണം. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നൽകിയെന്നാണ് ആരോപണം. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപു തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നതു പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണു മൊത്തം 13 കോടി രൂപയുടെ കണക്ക്.

അതേസമയം ബിനോയ് കോടിയേരിയുടെ പണമിടപാട് അന്വേഷിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.  പണമിടപാടില്‍ ബിനോയ് കോടിയേരിക്കെതിരെ സർക്കാരിന് പരാതി ലഭിച്ചിട്ടില്ല. ബിനോയിക്കെതിരെയുള്ള ആരോപണം സർക്കാരിനെ ബാധിക്കുന്ന വിഷയമല്ല. പാര്‍ട്ടിക്ക് ചേരാത്ത പ്രശ്‌നമാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ബിനോയ്ക്കെതിരെയുള്ള ആരോപണം ദുരുദ്ദേശപരമാണ്. ബിനോയ് 15 വര്‍ഷമായി വിദേശത്താണ്‌. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.  കോടിയേരിയുടെ മകന്റെ പണമിടപാട് പ്രതിപക്ഷമാണ് സഭയില്‍ ഉന്നയിച്ചത്.  ഗുരുതര വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.