വിജയന്‍പിള്ളയുടെ മകന് അറസ്റ്റ് വാറണ്ട്; ഉടന്‍ അറസ്റ്റ് ചെയ്ത് ദുബൈയില്‍ എത്തിക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം:  11 കോടിയുടെ തട്ടിപ്പു കേസില്‍ ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ദുബൈ കോടതി. ഉടന്‍ അറസ്റ്റ് ചെയ്ത് ദുബൈയില്‍ എത്തിക്കാനാണ് കോടതിയുടെ ഉത്തരവ്. 2017 മെയ് 25ലെ കോടതി വിധിയുടെ തുടര്‍ച്ചയായാണ് അറസ്റ്റ് വാറണ്ട്.

ദുബായ് കമ്പനിയില്‍ നിന്നു ബിനോയ് കോടിയേരിക്കു പണം വാങ്ങി നല്‍കിയ ഇതേ കമ്പനിയുടെ പാര്‍ട്ണര്‍ മാവേലിക്കര സ്വദേശി രാഹുല്‍ കൃഷ്ണന്‍ തന്നെയാണ് ശ്രീജിത്തിനും പണം വാങ്ങി നല്‍കിയത്.

ശ്രീജിത്തിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ശ്രമം തുടങ്ങി. ദുബൈയിലെ ടൂറിസം കമ്പനിയില്‍ നിന്നു 2003 മുതല്‍ പലപ്പോഴായി 11 കോടി രൂപ ദുബായില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ശ്രീജിത്ത് വാങ്ങിയെന്നാണ് കേസ്. ശ്രീജിത്ത് നല്‍കിയ 11 കോടിയുടെ ചെക്ക് ദുബായില്‍ ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും മടങ്ങി. ഈ കേസില്‍ ദുബായ് കോടതി ശ്രീജിത്തിനെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചെങ്കിലും വിധി വരും മുന്‍പേ ഇയാള്‍ നാട്ടിലേക്കു കടന്നു.

നാട്ടിലെ ബാങ്കിന്റെ പേരില്‍ നല്‍കിയ 10 കോടിയുടെ ചെക്കും മടങ്ങിയതോടെ രാഹുല്‍ കൃഷ്ണന്‍ നല്‍കിയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ചവറ പൊലീസ് സ്റ്റേഷനിലും ശ്രീജിത്തിനെതിരെ രാഹുല്‍ പരാതി നല്‍കിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടു രാഹുലും ബന്ധുക്കളും സമീപിച്ചപ്പോള്‍ ഉടന്‍ തീര്‍പ്പാക്കാമെന്ന് എന്‍.വിജയന്‍പിള്ള എംഎല്‍എ പറഞ്ഞെങ്കിലും നടന്നില്ലെന്നും പരാതിയിലുണ്ട്. രാഹുല്‍ പരാതിയുമായി മുഖ്യമന്ത്രിയെയും ഡിജിപിയെയും കാണാനിരിക്കെയാണ് തട്ടിപ്പു വിവരം പുറത്തായത്.