രാഹുൽ ഗാന്ധി ആറാം നിരയിൽ;മോഡി..താങ്കൾ ചെയ്തത് ശരിയായില്ല.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കഴിവും കരുത്തും തെളിയിച്ച റിപ്പബ്ലിക് ദിന പരേഡില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത് ആറാം നിരയില്‍. നാലാം നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നപ്പോഴാണ് കോണ്‍ഗ്രസ്സ് അധ്യക്ഷനെ ആറാം നിരയിലേക്ക് മാറ്റിയത്. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിനൊപ്പമായിരുന്നു പരേഡില്‍ രാഹുലിന്റെ സ്ഥാനം.

എന്നാല്‍ പിന്‍നിരയില്‍ സ്ഥാനം നല്‍കി പാര്‍ട്ടി അധ്യക്ഷനെ അപമാനിച്ചതിനെതിരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തി. സ്വാതന്ത്ര്യലബ്ധിക്കുശേഷം എല്ലായ്‌പ്പോഴും കോണ്‍ഗ്രസ്സ് മേധാവിക്ക് ഒന്നാം നിരയിലായിരുന്നു ഇരിപ്പിടം. പത്ത് ആസിയാന്‍ രാജ്യ മേധാവികള്‍ സാക്ഷ്യം വഹിച്ച പരേഡില്‍ തങ്ങളെ അപമാനിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വ്യാഴാഴ്ച വൈകി ലഭിച്ച അറിയിപ്പിലാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന് സ്ഥാനം ആറാം നിരയിലാണെന്ന് അറിഞ്ഞത്. ഇത് പ്രോട്ടോക്കോളിന് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.