ഓഖി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി വൈകി; വിമര്‍ശനവുമായി സിപിഐഎം സമ്മേളനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. ഓഖി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി വൈകിയെന്നാണു ജില്ലാസമ്മേളനത്തിലെ വിമര്‍ശനം. മുഖ്യമന്ത്രി കൂടുതല്‍ അവധാനതയോടെ പ്രവര്‍ത്തിക്കണമായിരുന്നെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി അഭിപ്രായപ്പെട്ടു.

കടകംപള്ളി സുരേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി കല്ലറ മധുവാണു മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഓഖി ദുരന്തമുഖത്തേക്കു മന്ത്രിമാരായ കടകംപള്ളിയും ജെ.മേഴ്‌സിക്കുട്ടിയമ്മയും പെട്ടെന്ന് എത്തി. എന്നാല്‍, മുഖ്യമന്ത്രി എത്താന്‍ വൈകിയതു വലിയ അവമതിപ്പിന് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായി. ചരക്ക്, സേവന നികുതിയുടെ (ജിഎസ്ടി) കാര്യത്തില്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രതിനിധികള്‍ ആരോപിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയും ആരോപണമുയര്‍ന്നു. സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണു യച്ചൂരിയുടെ നീക്കങ്ങള്‍. എംപി സ്ഥാനം കിട്ടാത്തതിന്റെ നിരാശയിലാണു യച്ചൂരിയെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അടവുനയത്തില്‍ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനം വ്യക്തമാണ്. എന്നിട്ടും അതില്‍നിന്നു മാറ്റത്തിനു ശ്രമിക്കുന്ന യച്ചൂരിയുടെ നിലപാടു പ്രത്യേക ലക്ഷ്യത്തോടെയാണെന്ന് അംഗങ്ങള്‍ ആരോപിച്ചു.

നെടുമങ്ങാട് മണ്ഡലത്തില്‍ സി.ദിവാകരനെ തോല്‍പിക്കാന്‍ സിപിഐ ജില്ലാനേതൃത്വം ശ്രമിച്ചിരുന്നു. ജില്ലാസെക്രട്ടറി ജി.ആര്‍.അനിലിന്റെ നേതൃത്വത്തിലായിരുന്നു നീക്കം. ഇതറിഞ്ഞ സി.ദിവാകരന്‍ സിപിഎം നേതൃത്വത്തെ ബന്ധപ്പെട്ടു. തുടര്‍ന്നാണു ദിവാകരന്‍ ജയിക്കുന്ന സാഹചര്യമുണ്ടായതെന്നും നെടുമങ്ങാടു നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. സിപിഐയെ മുന്നണിയില്‍നിന്നു പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നു. സിപിഐ മന്ത്രിമാരുടെ ഭരണപരാജയം മറച്ചുവയ്ക്കാനാണ് അടിക്കടി വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. യഥാര്‍ഥ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയല്ല, കാനം രാജേന്ദ്രനാണെന്നും കുറ്റപ്പെടുത്തലുണ്ടായി.