പാ. ടി. എസ്. എബ്രഹാം നിര്യാതനായി

കുമ്പനാട് : ഐ.പി.സി സ്ഥാപകൻ പരേതനായ പാ. കെ. ഇ. എബ്രഹാമിന്റെ മൂത്ത മകൻ കുമ്പനാട് ഹെബ്രോൻ ബംഗ്ലാവിൽ, തെക്കേപറമ്പിൽ അവിരാ തരകൻ സ്റ്റീഫൻ എബ്രഹാം (പാ. ടി. എസ്. എബ്രഹാം – 94) നിര്യാതനായി. ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ചരിത്രത്തിലെ ടി. എസ്. യുഗത്തിനാണ് ഇതോടെ തിരശീല വീണത്. ഐപിസി യുടെ കേരളത്തിലെ ശൈശവാവസ്ഥയ്ക്ക് ശേഷം വളർച്ചയുടെ ഓരോ പടവുകളിലും പാ. ടി. എസ്. വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വ്യക്തമായ ലക്ഷ്യബോധം, നേതൃപാടവം

ലക്ഷ്യബോധം, നേതൃപാടവം, എന്നിവ പാ. ടി. എസ്. എബ്രഹാമിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി. 6 വർഷക്കാലം ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ പ്രസിഡന്റ്, 6 വർഷങ്ങൾ ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് സെക്രട്ടറിയായി ദീർഘമായ 17 വർഷങ്ങൾ, PYPA യുടെ സ്ഥാപക സെക്രട്ടറി, ഐപിസി കുമ്പനാട് ഡിസ്ട്രിക്റ്റിന്റെ സ്ഥാപക ശുശ്രുഷകൻ, തുടങ്ങിയ നിലകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന പാ. ടി. എസ്., കഴിഞ്ഞ ദീർഘ നാളുകളിലായി വാർധിക്യ സഹജമായ രോഗങ്ങളാൽ ക്ഷീണാവസ്ഥയിലായിരുന്നു. ഹെബ്രോൻ ബൈബിൾ കോളേജ്, ഇന്ത്യ ബൈബിൾ കോളേജ്, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (6 വർഷങ്ങൾ പ്രസിഡന്റായിരുന്നു) തുടങ്ങിയവയുടെ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ചു. ‘A brief history of India Pentecostal Church of God’ എന്ന ഗ്രന്ഥം ഉൾപ്പടെ അനേക പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണ് പാ.  ടി. എസ്. എബ്രഹാം. സഭാസ്ഥാനം സ്ഥിതി ചെയ്യുന്ന ഹെബ്രോൻപുരത്തെ, ഐപിസി യുടെ എല്ലാ വളർച്ചയ്ക്കും കഴിഞ്ഞ അനേക ദശകങ്ങൾ പാ. ടി. എസ് നേർസാക്ഷിയായിരുന്നു. ഐപിസി യുടെ ഹെബ്രോൻ ബൈബിൾ കോളേജ് സ്ഥാപനം, ചരിത്ര പ്രസിദ്ധമായ ഐപിസി ഭരണഘടന ഭേദഗതികൾ, ഹെബ്രോൻപുരം കൺവൻഷന്റെ വിപുലീകരണം എന്നിവയെല്ലാം ടി. എസ്. കാലഘട്ടത്തിന്റെ ചരിത്ര മുഹൂർത്തങ്ങളാണ്.

കുമ്പനാട് പൂഴിക്കാലയിൽ കുടുംബാംഗം പരേതയായ സിസ്. മേരി എബ്രാഹമാണ് ഭാര്യ. പാ. ടി. വത്സൻ എബ്രഹാം (ഐപിസി മുൻ ജനറൽ സെക്രട്ടറി), ആനി ജേക്കബ്, സ്റ്റാർല ലൂക്ക് (ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ മുൻ വൈസ് പ്രസിഡന്റ്), ഷേർലി ചാക്കോ (യു.എസ്) എന്നിവരാണ് മക്കൾ. പരേതനായ ഉമ്മൻ എബ്രഹാമാണ് സഹോദരൻ.