ഒരു മരണം നടന്നിട്ടുണ്ട്. 27 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് മരിച്ചത്, പേര് വിനീത്

ഒരു മരണം നടന്നിട്ടുണ്ട്. 27 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് മരിച്ചത്, പേര് വിനീത്. വൃക്കയെ ബാധിക്കുന്ന അസുഖം ചികിത്സിക്കാൻ മോഹനന്റെ അടുത്ത് പോയതാണ്.

ഡയാലിസിസും വൃക്കമാറ്റി വയ്ക്കലുമൊന്നുമില്ലാതെ രോഗം പൂർണമായി മാറ്റാം എന്ന ഉറപ്പിലാണ് അഡ്മിറ്റ് ചെയ്തത്.

ഓച്ചിറയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജവൈദ്യന്‍റെ ചികിത്സാകേന്ദ്രത്തില്‍ വെച്ച് അശാസ്ത്രീയ ചികിത്സാപരീക്ഷണത്തിന് ഇരയായി മാര്‍ച്ച് 4 ന് വിനീത് ‘മരണ’പ്പെട്ടു.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം പുറത്തറിയിച്ചില്ല. വിനീതിന്‍റെ ബന്ധുക്കളെ യഥാസമയം വിവരമറിയിക്കാന്‍ പോലും വിമുഖത കാണിച്ചു.

നാട്ടുകാര്‍ പ്രശ്നമാക്കിയതിനെ തുടര്‍ന്ന് ഇന്നലെ (മാര്‍ച്ച് 5-ന്) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു.

ഒരു വിവാദവും ഇല്ല. കൈയ്യേറ്റവും ഇല്ല. പത്രങ്ങളിലും ചാനലുകളിലും വാർത്തയുമില്ല.

27 വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് ഇല്ലാതായത്.

വിനീതിന് ആദരാഞ്ജലികള്‍.

ഇത് ഒരു സാധാരണ മരണമല്ല, ഇതൊരു കൊലപാതകമാണ്. ശരിയായ ചികിത്സ ലഭിച്ചാൽ ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ട ഒരു ചെറുപ്പക്കാരനാണ് ഇല്ലാതായത്.

ഈ കൊലപാതകത്തിൽ ധാരാളം കൂട്ടുപ്രതികളുണ്ട്. ക്യാൻസറും സോറിയാസിസും വൃക്ക സംബന്ധമായ അസുഖങ്ങളും മാറ്റാൻ വ്യാജ വൈദ്യന്റെ അടുത്ത് പോകാൻ പ്രേരിപ്പിക്കുന്ന ഏവരും കൂട്ടുപ്രതികളാണ്. അത്തരം സന്ദേശങ്ങൾ വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവെക്കുന്ന ഏവരും ഈ മരണത്തിന്റെ പങ്കാളികളാണ്. അറിഞ്ഞോ അറിയാതെയോ മരണത്തിന്റെ വ്യാപാരികളായി മാറുകയാണവർ.

മോഹനനെയും വടക്കൻചേരിയേയും പിന്തുണയ്ക്കുന്ന ഏവർക്കും ഈ മരണത്തിൽ ഉത്തരവാദിത്തമുണ്ട്. അവർക്കാർക്കും കൈ കഴുകാൻ സാധിക്കില്ല.

ഈ കള്ളനാണയങ്ങളെ പൂട്ടേണ്ടവർ ഉറക്കത്തിലായിരിക്കണം…

വ്യസനത്തോടെ വിനീതിന് ആദരാഞ്ജലികൾ …

ഡോ.ഷിംന അസീസ്