സിറോ മലബാര്‍ സഭാ ഭൂമിയിടപാട്: അപ്പീല്‍ നല്‍കും; കേസ് നടത്തിപ്പിന് മൂന്നംഗ മെത്രാന്‍ സമിതി

കൊച്ചി: സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സഭ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും. ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം നാലു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കുക. അപ്പീല്‍ നല്‍കുന്നതിനും കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്കുമായി മൂന്നംഗ മെത്രാന്‍ സമിതിയേയും സഭ നിയോഗിച്ചു.

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് പുറമേ കുസാറ്റിലെ സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോഷി പുതുവ, ആര്‍ച്ച് ബിഷപ് ഹൗസിലെ വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാനാണ് ജസ്റ്റിസ് കെമാല്‍ പാഷ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.