കേരളത്തിലെ കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്

  • പാര്‍ട്ടിയുടെ അന്തകരാകാന്‍ നേതാക്കള്‍

  • ഇന്ദിരാഭവനില്‍ പെട്ടിയെടുപ്പുകരെ കുത്തിനിറച്ച് സുധീരന്‍

  • രാഹുലിന്റെ മണ്ടന്‍ പരിഷ്‌കാരങ്ങള്‍ക്ക് കൈയ്യടിച്ച് ആന്റണി

– പി.എ. സക്കീര്‍ ഹുസൈന്‍ – 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാതെ പുനസംഘടനയുടെ പേരില്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ തമ്മില്‍ നടത്തുന്ന വിഴുപ്പലക്കുകളും വിലപേശലുകളും കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കുന്നു. ഒരു വര്‍ഷത്തിന് മുന്‍പേ പ്രഖ്യാപിച്ച പുനസംഘടനയാണ് പാര്‍ട്ടിയുടെ മൃതാവസ്ഥയിലും എങ്ങുമെത്താതെ നില്‍ക്കുന്നത്. പാര്‍ട്ടിയെ കൂടാതെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു തുടങ്ങി പോഷക സംഘടനകളിലും പുനസംഘടന നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ സംസ്ഥാന നേതാക്കളുടെ വ്യത്യസ്ത നിലപാടുകളും സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തിന് വിരുദ്ധമായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങളുമാണ് പാര്‍ട്ടിയെ ചരിത്രത്തിന്റെ ശവകല്ലറയിലേക്ക് ആനയിക്കുന്നത്.
ഏറെക്കാലെത്തെ ചര്‍ച്ചകള്‍ക്കും വിഴുപ്പലക്കലിനുമൊടുവിലാണ് രമേശ് ചെന്നിത്തലയുടെ ഒഴിവില്‍, ആദര്‍ശപരിവേഷത്തിന്റെ ബലത്തില്‍ വി.എം സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കിയത്. കേരളത്തിലെ സംഘടനാ തീരുമാനങ്ങളുടെ അവസാനവാക്കായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയുടെ അനുഗ്രഹാശിസുകളോടെയായിരുന്നു സുധീരന്റെ സ്ഥാനാരോഹണം. പ്രബലമായ എ-ഐ ഗ്രൂപ്പു നേതാക്കളെ പിന്തള്ളി സുധീരന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായി.
kpcc-1
അക്കാലത്ത് അധികാരത്തിലിരുന്ന യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചാണ് വി.എം സുധീരന്‍ മാധ്യമശ്രദ്ധ നേടിയിരുന്നത്. ഇതിനിടെ നിലവിലുള്ള ഗ്രൂപ്പുകള്‍ക്ക് പുറമെ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടാക്കാനും സുധീരന്‍ ശ്രമിച്ചത് എ- ഐ ഗ്രൂപ്പുകളുടെ അനിഷ്ടത്തിനിടയാക്കി. സുധീരനെതിരെ പരാതിയുമായി എ-ഐ ഗ്രൂപ്പുകള്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും  നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയെങ്കിലും രാഹുല്‍ ഗാന്ധിയെ കാര്യങ്ങല്‍ ബോധ്യപ്പെടുത്താനാകാതെ മടങ്ങേണ്ടിവന്നു. എ.കെ ആന്റണി കൈയയച്ച് സഹായിച്ചത്  ഡല്‍ഹിയിലെ ബന്ധം ഊഷ്മളമാക്കാന്‍ സുധീരന് തുണയായി. അതേസമയം കേന്ദ്ര നേതൃത്വത്തിന്റെ കലവറയില്ലാത്ത പിന്തുണ നേടാന്‍ സുധീരനായെങ്കിലും കേരളത്തിലെ സംഘടന സംവിധാനത്തെ ചടുലമാക്കാനോ മനംമടുത്ത് പാര്‍ട്ടിയോടകന്ന പ്രവര്‍ത്തകരെ ആകര്‍ഷിക്കാനോ കഴിഞ്ഞില്ല.
പുനസംഘടനയില്‍ ഉറച്ചുനിന്ന സുധീരന് ഒരു മുഴംമുന്‍പേ എറിഞ്ഞ എ-ഐ ഗ്രൂപ്പുകള്‍ നേതൃമാറ്റമെന്ന ആവശ്യമുന്നയിക്കുകയും തങ്ങളുടെ നിലപാടില്‍ ശക്തമായി ഉറച്ച് നില്‍ക്കുകയും ചെയ്തു. ഇതോടെ സംഘടനാ തെരഞ്ഞെടുപ്പ് വരെ കോര്‍ കമ്മിറ്റിയെന്ന ആശയം ഹൈക്കമാന്‍ഡ് സംസ്ഥാനത്ത് നടപ്പിലാക്കി. കോര്‍ കമ്മിറ്റി രൂപീകരിച്ച് മാസങ്ങള്‍ പിന്നിട്ടെങ്കിലും പുനസംഘടനയില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ഇതിനടെ തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജ.പി നേടിയ വോട്ടും കോണ്‍ഗ്രസിന്റെ ക്ഷീണം ഇരട്ടിയാക്കി. പ്രദേശിക തലങ്ങളില്‍ മണ്ഡലം ഭാരവാഹികളുള്‍പ്പെടെ പാര്‍ട്ടിയോടടുത്ത് നിന്ന സവര്‍ണ വിഭാഗങ്ങളുടെ പ്രതിനിധികള്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് വേണ്ടി പരസ്യമായി വോട്ടു തേടിയിറങ്ങിയതിനെയും നേതൃത്വം ഗൗരവമായെടുത്തില്ല. ഉറച്ച വോട്ടുബാങ്കുകളായി കരുതപ്പെട്ട ക്രിസ്റ്റിന്‍ വിഭാഗങ്ങളും സംസ്ഥാനത്തിന്റെ പല മേഖലകളിലും പ്രാദേശികമായ ഭിന്നതകളെത്തുടര്‍ന്ന് ഇടതിനോടടുത്തു. ഈ വിഷയങ്ങളിലൊക്കെ ഫലപ്രദമായും ആത്മാര്‍ഥമായും ഇടപെടാനുള്ള നേതൃത്വമോ നേതാക്കളോ സംഘടനാ സംവിധാനമോ പാര്‍ട്ടിക്കില്ലാതെ പോയി. തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നുവന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളും സോളാര്‍, ഭൂമി തട്ടിപ്പ് കേസുകളും തിരിച്ചടിയായി. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയ്ക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന കാലങ്ങളായുള്ള പ്രചാരണം ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാനാകാത്തതും തെരഞ്ഞെടുപ്പില്‍ ഇടതിന്റെ വിജയം ഇരട്ടിയാക്കി. കൂടാതെ പരമ്പരാഗത വോട്ടുകള്‍ ചോര്‍ത്തിയ ബി.ജെ.പിയും കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളിയിയുര്‍ത്തി.
kerala-875x493
സോളാര്‍-സരിത ആരോപണങ്ങളാല്‍ കളങ്കിതനായ ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പിന് ശേഷം മുഖ്യധാരയില്‍നിന്ന് സ്വയം ഒഴിവായതിനെത്തുടര്‍ന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതും സംഘടനാപരമായി പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കോ കെട്ടുറപ്പിനോ ഗുണകരമായില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ പൊതുസമൂഹത്തിലും നിയമസഭയിലുമുള്ള ഇടപെടലുകളിലെ നാട്യം പാര്‍ട്ടിലെ ശേഷിക്കുന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നതിലും സംശയമില്ല. സി.പി.എം സഹയാത്രികനായ മാധ്യമപ്രവര്‍ത്തകനെ മാധ്യമ ഉപദേഷ്ടാവാക്കിയ തീരുമാനവും ചെന്നിത്തലയ്ക്ക് പാര്‍ട്ടിയോടുള്ള കൂറ് ചോദ്യംചെയ്യപ്പെടുന്ന നടപടിയായി. ഇതിനിടെ സ്വയംമാറിനിന്ന ഉമ്മന്‍ ചാണ്ടി മുഖ്യധാരയിലേക്കിയത് ഒരു പരിധിവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്നതായി. നേട്ടു പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സഹകരണ വിഷയത്തില്‍ ഇടതിനൊപ്പം കേന്ദ്രത്തിനെതിരെ സമരം വേണമോയെന്നതിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത പ്രകടമായി. ഒറ്റയ്ക്ക് സമരമെന്ന സുധീരന്റെ നിലപാടിനെ ചെന്നിത്തല തള്ളിക്കളയുകയായിരുന്നു. നിലമ്പൂരില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റ് അനുഭാവികളെ പോലീസ് കൊലപ്പെടുത്തിയത് സംബന്ധിച്ച് കൃത്യമായ നിലപാടെടുക്കുന്നതിലോ പാര്‍ട്ടിക്ക്് ഗുണകരമാക്കുന്നതിലോ നേതാക്കള്‍ പരാജയപ്പെട്ടു. രാജന്‍ കൊലക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ കമ്മ്യൂണിസ്റ്റുകാര്‍ കാലങ്ങളോളം വേട്ടയാടിയതില്‍നിന്ന് വിഭിന്നമല്ല നിലമ്പൂര്‍ സംഭവമെന്നിരിക്കെ അത്തരമൊരു വിശദീകരണത്തിനോ പ്രചാരണത്തിനോ നേതാക്കള്‍ മിനക്കെട്ടില്ല. ഇതൊക്കെ സംഘടനാപരമായ ദൗര്‍ബല്യത്തെ തുറന്നുകാട്ടുന്നതാണ്.
അണികളുമായി ബന്ധമില്ലാതെ കാലങ്ങളായി നേതാക്കളുടെ പെട്ടിയെടുപ്പുകാരായി സ്ഥാനമാനങ്ങളിലെത്തിയ ഒരു കൂട്ടം ഖദര്‍ദാരികളെ വി.എം സുധീരന്‍ വിശ്വാസത്തിലെടുക്കുകയും മനസാക്ഷി സൂക്ഷിപ്പുകാരും ഉപദേശികളുമായി മാറ്റുകയും ചെയ്തു. ഇത്തരക്കാരെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന്റെ ഭരണച്ചുമതല ഏല്‍പ്പിച്ചു നല്‍കിയതും പാര്‍ട്ടി അധ്യക്ഷനെന്ന നിലയിലുള്ള സുധീരന്റെ പാരാജയത്തിന് ആക്കം കൂട്ടി.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെ പേരിലുള്ള തട്ടിപ്പ് സംഘടനകള്‍ക്ക് പോലും കെ.പി.സി.സി ഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ സംഭാവന ചെയത സുധീരന്റെ നടപടി ഒപ്പനിന്നവരുടെ അവമതിപ്പിനിടയാക്കി. സംസ്ഥാനത്ത് രാഷ്ട്രീയമായി യാതൊരു ചലനവുമുണ്ടാക്കാത്ത രണ്ട് യാത്രകള്‍ മഞ്ചേശ്വരം മുതല്‍ പാറശാല മുതല്‍ നടത്തിയെന്നല്ലാതെ സംഘടനാ അധ്യക്ഷനെന്ന നിലയില്‍ പാര്‍ട്ടിയ ക്രിയാത്മകമാക്കാനോ ജനങ്ങളെ ആകര്‍ഷിക്കുന്ന സമരങ്ങളോ പരിപാടികളോ സംഘടിപ്പിക്കാന്‍ സുധീരന് ഇതുവരെ സാധിച്ചിട്ടില്ല.
ഹൈക്കമാന്‍ഡിന്റെ ഭാഗവും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനും കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ അവസാനവാക്കുമായ എ.കെ ആന്റണിയാകട്ടെ ഗുരുതരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കാനോ ശക്തമായ ഇടപെടലുകള്‍ നടത്താനോ തയാറാകാതെ അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കുന്നതാണ് കേരളത്തില്‍ പാര്‍ട്ടിയെ ഐ.സി.യുവിലാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രായോഗികമല്ലാത്ത പരിഷ്‌ക്കാരങ്ങളും നിര്‍ദ്ദേശങ്ങളും സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കുന്നതും എ.കെ ആന്റണിയുടെ, തനിക്ക്‌ശേഷം പ്രളയമെന്ന നിലപാടും സംസ്ഥാന നേതാക്കളുടെ തമ്മിലടിയും കോണ്‍ഗ്രസിനെ കേരളത്തില്‍ കൊന്നൊടുക്കുമെന്നതില്‍ സംശയമില്ല.