നിങ്ങൾ ആരോടു ചോദിച്ചിട്ടാണ് നിങ്ങളുടെ ശമ്പളം മറ്റ് ആനുകൂല്യങ്ങൾക്കു പുറമേ എഴുപതിനായിരവും തൊണ്ണൂറായിരവും ആക്കി മാറ്റിയത് ?

എന്റെ സംസ്ഥാനത്തിന്റെ ഭരണം നിർവ്വഹിക്കാനായിട്ടാണ് നിങ്ങളെ ഞാൻ ജോലിക്കു വച്ചത്.എനിക്കു വേണ്ടി സത്യസന്ധമായും ആത്മാർത്ഥമായും ജോലി ചെയ്യേണ്ടത് നിങ്ങളുടെ കടമയുമാണ്. അതിനുള്ള ശമ്പളവും ഞാൻ നല്കുന്നുണ്ട്. കാരണം യജനമാനൻ ഞാൻ തന്നെയാണെന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്.
കാര്യങ്ങൾ ഇവ്വിധമായിരിക്കേ നിങ്ങൾ ആരോടു ചോദിച്ചിട്ടാണ് നിങ്ങളുടെ ശമ്പളം മറ്റ് ആനുകൂല്യങ്ങൾക്കു പുറമേ എഴുപതിനായിരവും തൊണ്ണൂറായിരവും ആക്കി മാറ്റിയത് ?
ആരോട് ചോദിച്ചിട്ടാണ് ഞാൻ നിങ്ങൾക്കു നല്കേണ്ടുന്ന ആനുകൂല്യങ്ങൾ നിങ്ങൾ സ്വയം വർദ്ധിപ്പിച്ചത് ?
നിങ്ങൾക്ക് യാത്ര ചെയ്യാൻ നല്ല വാഹനങ്ങൾ ഉണ്ടായിരിക്കേ തന്നെ ആരോടു ചോദിച്ചിട്ടാണ് 26 ലക്ഷം രൂപയുടെ 25 ഇന്നോവവാഹനങ്ങൾ വാങ്ങിയത് ?
ഇവിടെ മറ്റു തൊഴിലാളികളും കർഷകരും ഉണ്ടെന്ന് നിങ്ങൾക്ക് അറിയായ്കയാണോ ?
കഷ്ടിച്ച് ജീവിക്കാനുള്ള ശമ്പളം ലഭിക്കാതെ സമരം പോലും ചെയ്യേണ്ടി വരുന്ന ഒരു വലിയ ജനത ഇവിടെ ഉണ്ടായിരിക്കേ നിങ്ങൾ 140 പേരും ചേർന്ന് യാതൊരു ഉളുപ്പുമില്ലാതെ ഇത് ചെയ്യേണ്ടിയിരുന്നില്ല.
ഈ ശമ്പള വർദ്ധനവ് ഇല്ലാതെ നിങ്ങൾക്ക് ജീവിക്കാൻ പ്രയാസമാണെങ്കിൽ എന്തിനാണ് ഇത്ര താല്പര്യവും തിടുക്കവും കാണിച്ച് ആ കസേരകളിൽ കയറി ഇരിക്കുന്നത് ?
പട്ടിണിമൂലം ആത്മഹത്യ ചെയ്യേണ്ടി വരുന്ന കൃഷിക്കാരെക്കുറിച്ചും KSRTC ജോലിക്കാരെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?
രോഗം വന്ന് ചികിത്സിക്കൻ പണമില്ലാതെ കഷ്ടപ്പെടുന്നവരുടെ നാട്ടിൽ ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപ ചികിത്സാ ചെലവിലേക്ക് എഴുതിയെടുക്കാൻ നിങ്ങൾ ഇത്രമാത്രം അന്ത:സ്സില്ലാത്തവരായിപ്പോയതെന്തുകൊണ്ടാണ്.
350 രൂപക്ക് റീചാർജ് ചെയ്താൽ ഒരു മാസം എത്ര വേണമെങ്കിലും വിളിക്കുകയും ദിവസവും ഒരു ജി.ബി.യിലധികം ഡാറ്റ ഉപയോഗിക്കുകയും ചെയ്യാമെന്നിരിക്കേ നിങ്ങൾ ഓരോരുത്തരും അര ലക്ഷത്തോളം രൂപ ഫോൺ വിളിക്കായി എഴുതി എടുക്കുന്നത് നിങ്ങൾക്ക് മനുഷ്യർ എന്ന നിലയിൽ എന്ത് ഇല്ലാതെ പോയതുകൊണ്ടാണ്.
യാതൊരുവിധ സൗകര്യവും അനുഭവിക്കാനാകാതെ എത്രയോ പൗരന്മാർ നരകയാതന അനുഭവിക്കുമ്പോൾ ഊതി വീർപ്പിച്ചതു പോലുള്ള ശരീരവും പേറി ആഡംഭരത്തിന്റെയും സുഖലോലുപതയുടേയും പര്യായമായി നിങ്ങൾ അവർക്കു മുന്നിലൂടെ നീങ്ങുമ്പോൾ മനുഷ്യർ എന്ന നിലയിൽ നിങ്ങൾക്ക് എന്തോ ഒന്ന് ഇല്ലാതായിട്ടുണ്ട് എന്ന് നിങ്ങൾക്ക് തോന്നാതെ പോകുന്നതെന്താണ് ?
ഇനിയും ഏറെയുണ്ട് ചോദിക്കാൻ. പക്ഷേ ഒരു കാര്യമുണ്ട്:
പഴയ ദാസ്യ മനോഭാവം കൈവെടിഞ്ഞ ജനാധിപത്യത്തിൽ പൗരന്റെ നിലയും വിലയും തിരിച്ചറിഞ്ഞ് രാഷ്ട്രീയ പാർട്ടികൾക്കും മതങ്ങൾക്കും സ്വന്തം തലച്ചോറ് കീഴ്‌പ്പെടുത്തിയിട്ടില്ലാത്ത ഒരു വലിയ വിഭാഗം ചെറുപ്പക്കാർ പിന്നാലെ വരുന്നുണ്ട്. ഈ നെറികേടുകളെ ചോദ്യം ചെയ്യാൻ.
നിങ്ങളുടെ താന്തോന്നിത്തങ്ങൾക്ക് ആയുസ്സ് അതു വരെയേയുള്ളൂ, അത്രമാത്രം

പ്രതീഷ് .ആർ
എഫ് ബി പോസ്റ്റ്