Home  Cover story  ബത്തക്ക പരാമര്‍ശം: ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് 
                                    
                            
                                
    
        
        
        
        
        കോഴിക്കോട്: മുസ്ലിം വിദ്യാർഥിനികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ഫറൂഖ് കോളജ് അധ്യാപകനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജൗഹർ മുനവിറിനെതിരേ കോഴിക്കോട് കൊടുവള്ളി പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഫറൂഖ് കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.
പെണ്‍കുട്ടികളുടെ മാറിടത്തെ ബത്തക്കയോട് ഉപമിച്ചാണ് മുനീർ വിവാദത്തിലായത്. മുസ്ലിം പെണ്‍കുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, ബത്തക്കയുടെ ചുവപ്പ് കാണിക്കാൻ കഷ്ണം മുറിച്ചുവയ്ക്കുന്നതു പോലെ മാറിടം കാണിക്കുന്നു എന്നായിരുന്നു മുനവിറിന്റെ വിവാദപ്രസംഗം. ഭൂരിപക്ഷവും മുസ്ലിം പെണ്‍കുട്ടികൾ പഠിക്കുന്ന കോളജിൽ അവരുടെ വസ്ത്ര ധാരണം മത ശാസനകൾക്ക് വിരുദ്ധമാണ്. പർദ്ദ പൊക്കിപ്പിടിച്ച് ലഗിൻസും കാണിച്ചാണ് പെണ്‍കുട്ടികൾ കാമ്പസിൽ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികൾക്ക് സ്വർഗം ലഭിക്കില്ലെന്നും രക്ഷിതാക്കൾ ബോധവത്ക്കരിക്കണമെന്നും ഇയാൾ പ്രസംഗത്തിൽ പറഞ്ഞു.
പ്രസംഗത്തിനെതിരെ വൻ പ്രതിഷേധമുയർന്നതോടെ ജൗഹർ അവധിയിൽ പ്രവേശിച്ചിരുന്നു. ഈ മാസം 28 വരെയാണ് അവധി. അവധിയിൽ പ്രവേശിക്കണമെന്ന് കോളജ് മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജൗഹർ അവധിയിൽ പ്രവേശിച്ചതെന്നാണു സൂചന. വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അവധിയെടുത്തതെന്ന് അധ്യാപകന്റെകുടുംബം അറിയിച്ചു.
വിവാദത്തെ തുടർന്ന് മുനവിർ ഒളിവിലാണ്. കോളജ് മാനേജ്മെന്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇയാൾ പൊതുഇടങ്ങളിൽനിന്ന് മാറി നിൽക്കുന്നതെന്നാണ് വിവരം.