കോടതിയലക്ഷ്യ കേസ്: ജേക്കബ് തോമസ് അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിജിലന്‍സ് മുന്‍ കമ്മീഷണര്‍ ജേക്കബ് തോമസ് കോടതിയലക്ഷ്യ കേസില്‍ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. തനിക്കെതിരേ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി നിരീക്ഷണം.

ഹര്‍ജി അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കണമെന്നും കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമായിരുന്നു ജേക്കബ് തോമസിന്റെ ആവശ്യം. എന്നാല്‍ കോടതിയലക്ഷ്യ നടപടിയില്‍ വളരെ തിടുക്കത്തില്‍ ആരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാറില്ലെന്നും ജേക്കബ് തോമസ് അറസ്റ്റിനെ ഭയക്കേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ അടിയന്തര സ്വഭാവത്തില്‍ ഹര്‍ജി പരിഗണിക്കണമെന്ന വാദം സുപ്രീംകോടതി തള്ളി. ഹര്‍ജി ഏപ്രില്‍ രണ്ടിന് ഇനി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ജഡ്ജിമാരെ വിമര്‍ശിച്ചുവെന്ന ഹൈക്കോടതി കണ്ടെത്തല്‍ തെറ്റാണെന്നാണ് ജേക്കബ് തോമസിന്റെ ഹര്‍ജിയിലെ പ്രധാന വാദം. താന്‍ വിജിലന്‍സ് കമ്മീഷണര്‍ ആയിരിക്കേ ചില സുപ്രധാന കേസുകളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ വേണ്ട രീതിയില്‍ മുന്നോട്ടുപോകാതെ വന്നതോടെ കോടതിയില്‍ കേസ് നിലനില്‍ക്കാതെ വന്നു. ഇതിനെതിരേയാണ് താന്‍ പ്രതികരിച്ചത്. ചീഫ് സെക്രട്ടറിക്ക് പകര്‍പ്പ് നല്‍കിയ ശേഷമാണ് താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ജഡ്ജിമാരെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടു മാത്രമേ പരാതി നല്‍കിയിട്ടുള്ളൂ എന്നും ജേക്കബ് തോമസ് സുപ്രീംകോടതിയെ അറിയിച്ചു.