തിരുവനന്തപുരം: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ കുറിച്ചു പറഞ്ഞ പ്രസ്താവന സ്വകാര്യ ചാനല്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. വ്യാജവാര്‍ത്തകള്‍ക്ക് വിജയകുമാറിന്റെ വിജയത്തെ തടയാനാവില്ലെന്നും തന്റെ പ്രസ്താവന എഡിറ്റ് ചെയ്ത് കേള്‍പ്പിച്ചത് മര്യാദകേടാണെന്നും വിഷ്ണുനാഥ് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. മനോരമ ഓണ്‍ലൈനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളിലാണ് വിഷ്ണുനാഥ് വിശദീകരണം നല്‍കിയത്.
പി.സി വിഷ്ണുനാഥിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വ്യാജ വാർത്തകൾക്കു വിജയകുമാറിന്റെ വിജയത്തെ തടയാനാവില്ല
കർണാടക തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് മനോരമ ഓൺലൈനിനു ഒരു അഭിമുഖം നൽകിയിരുന്നു. അതിന്റെ അവസാന ഭാഗം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഒരു മടങ്ങിവരവില്ലേ എന്ന ചോദ്യത്തിന് മറുപടിയായി എന്നെ രണ്ടുതവണ വിജയിപ്പിച്ച ചെങ്ങന്നൂരിലെ ജനങ്ങളോടുള്ള എന്റെ ഇഷ്ടം അറിയിക്കാൻ ഇവിടെ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നും എന്നാൽ കർണാടകയിലെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഉള്ളതുകൊണ്ട് സ്ഥാനാർഥിയായി എന്നെ പരിഗണിക്കരുതെന്നു നേതൃത്വത്തെ അറിയിച്ചു എന്നു മറുപടി പറഞ്ഞു . മനോരമ അഭിമുഖം പൂർണ്ണമായി വായിച്ചാൽ അതു മനസിലാവുകയും ചെയ്യും. രാവിലെ എന്നെ ഫോണിൽ വിളിച്ച കൈരളി ചാനൽ റിപ്പോർട്ടറോടും മനോരമ അഭിമുഖത്തെക്കുറിച്ചു ഈ മറുപടി ആണ് നൽകിയത് . അധികമായി ഞാൻ കൈരളി റിപ്പോർട്ടറോട് പറഞ്ഞത് ഞങ്ങളുടെ സ്ഥാനാർത്ഥി വിജയകുമാർ വിജയിക്കുമെന്നും നിങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കണ്ട എന്നുമാണ് . ആ ഭാഗം എഡിറ്റ് ചെയ്തു വ്യാജവാർത്ത ഉണ്ടാക്കിയത് പച്ച മലയാളത്തിൽ പറഞ്ഞാൽ മര്യാദകേടാണ് . ഇതിൽ നിന്നും ഒരു കാര്യം ഉറപ്പാണ് ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറിന് ലഭിക്കുന്ന ജനസ്വീകാര്യതയെ സിപിഎം ഭയക്കുന്നു. അതറിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്











































