വത്തിക്കാന്‍: നരകം ഇല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായ വ്യാജ വാര്‍ത്ത ലോകമെങ്ങും പരക്കുമ്പോള്‍ വിശദീകരണക്കുറിപ്പുമായി വത്തിക്കാന്‍ രംഗത്ത്. ലാ റിപ്പബ്ലിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ലേഖനകര്‍ത്താവിന്റെ പുനസൃഷ്ടിയാണെന്നും മാര്‍പാപ്പ പറഞ്ഞകാര്യങ്ങള്‍ അതേപടി പകര്‍ത്താതെയാണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും വത്തിക്കാന്‍ വിശദീകരിച്ചു. പരിശുദ്ധ പിതാവ് പറഞ്ഞ കാര്യങ്ങളുടെ വിശ്വാസയോഗ്യമായ രേഖയായി അതിലെ ഉദ്ധരണികള്‍ എടുക്കരുതെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
ലാ റിപ്പബ്ലിക്ക പത്രത്തിന്റെ സ്ഥാപകരില്‍ ഒരാളും 93 കാരനുമായ യൂജിനോ സ്‌കാല്‍ഫാരിയുമായി അടുത്തയിടെ മാര്‍പാപ്പ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും അഭിമുഖം നല്കിയിരുന്നില്ല എന്നുമാണ് വത്തിക്കാന്‍ പറയുന്നത്.
ഇതിനു മുമ്പും പാപ്പ നരകമില്ലെന്ന് പറഞ്ഞതായ വാര്‍ത്തകള്‍ യുജീനോ പുറത്തുവിട്ടിരുന്നു. ഫ്രാന്‍സിസ് മാര്‍്പാപ്പയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ കത്തോലിക്കാവിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടത അത്യാവശ്യമാണ്.