കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവും; സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടീം അംഗങ്ങളെയും പരിശീലകരെയും അദേഹം അഭിനന്ദിച്ചു. ആവേശകരമായ മത്സരത്തിലൂടെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്ന് പിണറായി വ്യക്തമാക്കി. പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടില്‍ തകര്‍ത്ത് കേരളത്തിന് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്.

കേരളത്തിന്റെ ഗോളി മിഥുന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൈവിട്ടെന്ന് കരുതിയ കിരീടം കേരളത്തിലെത്തിച്ചത്. പെനാല്‍റ്റി ഷൂട്ടില്‍ 4-2നാണ് കേരളത്തിന്റെ വിജയം. കളിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ തീര്‍ത്ഥാങ്കര്‍ സര്‍ക്കാരിന്റെ ഗോളില്‍ നഷ്ടപ്പെട്ട കളി പശ്ചിമ ബംഗാള്‍ തിരിച്ചു പിടിക്കുകയായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരിക്കും ഇന്ന് അരങ്ങേറിയ ഫൈനല്‍. അവസാന നിമിഷം വരെ വിജയത്തിനായി കേരളവും ബംഗാളും കൈമെയ് മറന്ന് പോരാടിയിരുന്നു.