സിവാന്‍ : ഇറാഖിലെ മൊസൂളില്‍ ഐഎസ് വധിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ബിഹാറിലെത്തിച്ച അഞ്ചു മൃതദേഹങ്ങളില്‍ രണ്ടു പേരുടെ മൃതദേഹങ്ങളാണ് ഏറ്റുവാങ്ങാതിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു എക്‌സ്‌ഗ്രേഷ്യാ തുകയായി പത്തു ലക്ഷം രൂപ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
അദാലത് സിങ്, സുനില്‍കുമാര്‍ എന്നിവരുള്‍പ്പെടെ 39 പേരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങളുമായി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചു വരികയാണെന്നു ജില്ലാ മജിസ്‌ട്രേറ്റ് മഹേന്ദ്ര കുമാര്‍ പറഞ്ഞു. ‘അയാള്‍ക്കൊരു ഭാര്യയുണ്ട്. കുട്ടികളും രക്ഷിതാക്കളുമുണ്ട്. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരത്തുക ലഭിച്ചേ തീരൂ. ബിഹാര്‍ സര്‍ക്കാര്‍ അതു നല്‍കുന്നതുവരെ മൃതദേഹങ്ങള്‍ വീടുകളിലേക്കു കൊണ്ടുപോകില്ല’, അദാലത് സിങ്ങിന്റെ ബന്ധു പറഞ്ഞു. സുനില്‍കുമാറിന്റെ ഭാര്യ പൂനം ദേവിയും ഇതേ ആവശ്യവുമായി രംഗത്തെത്തി.
കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണു കേന്ദ്രമന്ത്രി വി.കെ.സിങ് മുഖ്യമന്ത്രി നിതീഷ് കുമാറിനു കൈമാറിയത്. വിദ്യാഭൂഷന്‍ തിവാരി, സന്തോഷ് സിങ് എന്നിവരുടെ കുടുംബങ്ങളും മൃതദേഹങ്ങള്‍ വാങ്ങാന്‍ എത്തിയില്ല. ഇവര്‍ ഉന്നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്തു പ്രതിഷേധിച്ചു.
ഇറാഖിലെ മൊസൂളില്‍ 2014ല്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 40 ഇന്ത്യന്‍ ജോലിക്കാരില്‍ 39 പേരെയും വധിച്ചു കുഴിയില്‍ മൂടുകയായിരുന്നു. ബന്ദികളില്‍ ഒരാള്‍ ബംഗ്ലദേശി ആയി നടിച്ചു രക്ഷപ്പെട്ടു നാട്ടില്‍ തിരിച്ചെത്തി. ഇയാളില്‍നിന്നു ലഭിച്ച വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തില്‍ മൊസൂളിലെ ഒരു ഗ്രാമത്തില്‍ കൂട്ടക്കുഴിമാടം കണ്ടെത്തുകയായിരുന്നു. മൃതദേഹാവശിഷ്ടം പുറത്തെടുത്തു ഡിഎന്‍എ പരീക്ഷണം നടത്തി സ്ഥിരീകരിച്ച ശേഷമാണു സര്‍ക്കാര്‍ മരണവിവരം പുറത്തുവിട്ടത്.
 
            


























 
				
















