ഭോപാല്‍:അഞ്ച് ഹിന്ദു മതനേതാക്കള്‍ക്ക് സഹമന്ത്രിക്ക് തുല്യമായ പദവി (എം.ഒ.എസ്) നല്കി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍. ബാബ നര്‍മ്മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, കമ്പ്യൂട്ടര്‍ ബാബ, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവര്‍ക്കാണ് ജനറല്‍ അഡ്മിനിസ്ട്രേഷന് വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി കെ. കെ. കതിയയുടെ ഉത്തരവനുസരിച്ച് സഹമന്ത്രി തുല്യ പദവി നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 31 ന് ബി.ജെ.പി സര്‍ക്കാര്‍ ഇവരെ നര്‍മ്മദാ സംരക്ഷണത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ അംഗങ്ങളായി നിയമിച്ചിരുന്നു. കമ്മിറ്റിയുടെ അംഗങ്ങള്‍ എന്ന നിലയിലാണ് ഇവര്‍ക്ക് മന്ത്രി തുല്യ പദവി നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സഹമന്ത്രി തുല്യമായ പദവി നല്‍കിയതിന് കമ്പ്യൂട്ടര്‍ ബാബ മധ്യപ്രദേശ് സര്‍ക്കാരിന് നന്ദി പറഞ്ഞു. ‘ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് സാധു സമൂഹത്തിന്റെ പേരില്‍ സര്‍ക്കാരിന് നന്ദിയറിയിക്കുന്നു. സമൂഹത്തിന്റെ ക്ഷേമത്തിനായി മികച്ച രീതിയില്‍ പരിശ്രമിക്കും’ കമ്പ്യൂട്ടര്‍ ബാബ എഎന്‍ഐയോട് പറഞ്ഞു.
അതേസമയം ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സര്‍ക്കാരെടുത്ത ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തി. മതനേതാക്കള്‍ക്ക് പൊതുസമൂഹത്തിലുള്ള സ്വാധീനം തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താനാണ് ഈ വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി സര്‍ക്കാരിന്റെ ഈ നീക്കം എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
‘രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനായുള്ള ഒരു ഗിമ്മിക്കാണിത്. തന്റെ പാപങ്ങള്‍ കഴുകാനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നടത്തുന്ന പരിശ്രമമാണ്. നേരത്തെ നര്‍മദാ സംരക്ഷണത്തെ അദ്ദേഹം അവഗണിച്ചിരുന്നു’, കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു.
അതേസമയം, ഹിന്ദുമത സന്യാസിമാരുമായി ബന്ധപ്പെട്ട ഏതു കാര്യത്തോടും വിമുഖത കാണിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ നയം എന്ന് ബി.ജെ.പി വക്താവ് രാജ്നിഷ് അഗര്‍വാള്‍ കുറ്റപ്പെടുത്തി.
ഏപ്രില്‍ മൂന്നിന് ഉത്തരവ് പ്രാബല്യത്തില്‍ വന്നു. സഹമന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. പദവി ലഭിച്ചവരില്‍ കമ്പ്യൂട്ടര്‍ ബാബയും യോഗേന്ദ്ര മഹന്തും നര്‍മ്മദാ തീരത്തെ മരം നടീലുമായി ബന്ധപ്പെട്ട അഴിമതി വിഷയത്തില്‍ റാലി നടത്താനും സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു