തിരുവനന്തപുരം: തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് സ്ഥലമാറ്റം. തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റം. വര്‍ക്കല ഭൂമികൈമാറ്റത്തില്‍ കലക്ടറുടെ ഇടപെടല്‍ വിവാദമായിരുന്നു. സംഭവത്തില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റത്തില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കെതിരെ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും കലക്ടര്‍ കെ. വാസുകിയും മുന്‍പ് രംഗത്തെത്തിയിരുന്നു. ഒരു കോടി വില വരുന്ന ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയെന്നതായിരുന്നു കേസ്. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റേതായി നിലനിര്‍ത്തുമെന്നുമെന്ന് പറഞ്ഞ മന്ത്രി ഭൂമി കൈമാറ്റത്തിനുള്ള ഉത്തരവ് സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാദത്തെ തുടര്‍ന്ന് കലക്ടര്‍ വാസുകി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു.
വിവാദമായ ഭൂമിയിടപാടില്‍ സബ് കലക്ടര്‍ക്കെതിരെ സി.പി.ഐ.എം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ദിവ്യ എസ്.അയ്യരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടിരുന്നത്.
സര്‍ക്കാര്‍ പുറമ്പോക്ക് കൈവശം വെച്ചുവെന്ന് കണ്ടെത്തി 2017 ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാര്‍ എന്‍. രാജു സ്വകാര്യ വ്യക്തിയില്‍ നിന്ന് പിടിച്ചെടുത്ത 27 സെന്റ് സ്ഥലമാണ് സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്ക് തന്നെ കൈമാറിയത്. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള റോഡ് സൈഡിലുള്ള ഭൂമിയാണ് വിട്ടുകൊടുത്തുകൊണ്ട് ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. അയിരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് ദിവ്യ എസ് അയ്യരുടെ നിലപാട്. ഈ ഭൂമി കൈമാറ്റ വിഷയത്തില്‍ ഭര്‍ത്താവും എംഎല്‍എയുമായ കെ.എസ്. ശബരിനാഥന്‍ ഇടപെട്ടതോടെയാണ് വിഷയം വിവാദമായത്.
            










































