ഉഡുപ്പിയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഷിരൂര്‍ മഠം സ്വാമി

കര്‍ണാടകയിലെ ഷിരൂര്‍ മഠം സ്വാമി ഉഡുപ്പിയില്‍ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കും. ഉഡുപ്പിയിലെ മാല്‍പെയില്‍ നിന്ന് ഏപ്രില്‍ 8 മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് ലക്ഷ്മിവാര തീര്‍ത്ഥ സ്വാമി അറിയിച്ചു.

ഉഡുപ്പിയിലെ എട്ട് മഠങ്ങളായ അഷ്ട പീഠത്തിലെ സന്യാസിയാണ് ഷിരൂര്‍ മഠം സ്വാമി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായോ ബിജെപിയില്‍ നിന്നോ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സ്വാമി മാര്‍ച്ചില്‍ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് യെദ്യൂരപ്പയും ഉഡുപ്പി-ചികമംഗലൂരു എംപി ശോഭ കരന്ത്‌ലാജെയും തന്നെ സമീപിച്ചിരുന്നെന്നും ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രമോദ് മധുവരാജിന് ലഭിക്കുമെന്ന് കരുതുന്ന ബ്രാഹ്മണ, മൊഗവീര വോട്ടുകള്‍ ഷിരൂര്‍ മഠം സ്വാമിയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്.

പ്രചാരണം ആരംഭിക്കുമ്പോള്‍ ആദ്യം കാണുന്നത് മൊഗവീര ( ഉഡുപ്പിയിലെ മത്സ്യത്തൊഴിലാളികള്‍) വിഭാഗത്തെയാണെന്ന് സ്വാമി പറഞ്ഞു. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

”ഏപ്രില്‍ 8ന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. ആദ്യം വഡബണ്ഡേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് തൊട്ടടുത്ത പ്രദേശങ്ങളിലെ മൊഗവീര വിഭാഗത്തെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യും. അടുത്ത ഒരു മാസത്തേക്ക്, ഉഡുപ്പി നിയോജകമണ്ഡലത്തില്‍ പ്രചാരണം നടത്തും. ഉഡുപ്പിയിലുടനീളം യാത്ര നടത്തി ആളുകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കും. എംഎല്‍എ ആവുകയാണെങ്കില്‍ ജനങ്ങള്‍ എന്നെ അറിയിച്ച പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ പരിഹാരം കാണുന്നതിലായിരിക്കും എന്റെ ശ്രദ്ധ”, സ്വാമി പറഞ്ഞു.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബിജെപി സര്‍ക്കര്‍ അഞ്ച് ഹിന്ദു മതനേതാക്കള്‍ക്ക് സഹമന്ത്രിക്ക്  തുല്യമായ പദവി (എം.ഒ.എസ്) നല്‍കിയിരുന്നു. ബാബ നര്‍മ്മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, കമ്പ്യൂട്ടര്‍ ബാബ, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവര്‍ക്കാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി കെ. കെ. കതിയയുടെ ഉത്തരവനുസരിച്ച് സഹമന്ത്രിക്ക് തുല്യ പദവി നല്‍കിയത്.

മാര്‍ച്ച് 31 ന് ബി.ജെ.പി സര്‍ക്കാര്‍ ഇവരെ നര്‍മ്മദാ സംരക്ഷണത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ അംഗങ്ങളായി നിയമിച്ചിരുന്നു. കമ്മിറ്റിയുടെ അംഗങ്ങള്‍ എന്ന നിലയിലാണ് ഇവര്‍ക്ക് മന്ത്രി തുല്യ പദവി നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം മതനേതാക്കള്‍ക്ക് പൊതുസമൂഹത്തിലുള്ള സ്വാധീനം തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താനാണ് ഈ വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സര്‍ക്കാരിന്റെ ഈ നീക്കം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.