വരാപ്പുഴ കസ്റ്റഡി മരണം: മരിച്ച ശ്രീജിത്തിനെതിരെ പരാതിപ്പെട്ടിട്ടില്ല; പ്രതി മറ്റൊരു ശ്രീജിത്ത്; നിര്‍ണായക വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ്. ശ്രീജിത്തിനെ പ്രതിയാക്കിയത് ആളുമാറിയാണെന്ന് വിനീഷ്. മരിച്ച ശ്രീജിത്തിനെതിരെ പരാതിപ്പെട്ടിട്ടില്ല. പ്രതി മറ്റൊരു ശ്രീജിത്താണെന്നും വിനീഷ് പറഞ്ഞു. മരിച്ചത് ഷേണായിപ്പറമ്പില്‍ ശ്രീജിത്താണ്. പരാതിപ്പെട്ടത് ശശിയുടെ മകന്‍ ശ്രീജിത്തിനെതിരെയാണെന്നും വിനീഷ് വ്യക്തമാക്കി.

അതേസമയം വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ചത് ചെറുകുടലിനേറ്റ ചവിട്ട് മൂലമെന്ന് ചികിത്സാ രേഖ. അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിരുന്നു. ഇത് ആരോഗ്യനില വഷളാക്കിയെന്നും രേഖകള്‍ പറയുന്നു. ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു. ശനിയാഴ്ച ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പൊലീസ് മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നു എന്നാണ് എറണാകുളത്തെ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഐജി ശ്രീജിത്ത് അന്വേഷിക്കും. പ്രത്യേക സംഘം രൂപീകരിച്ച് ഡിജിപി ഉത്തരവിറക്കി. സംഘാംഗങ്ങളെ പിന്നീട് അറിയിക്കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും ഡിജിപി ബെഹ്‌റ പറഞ്ഞിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.