മോഹന്‍ലാല്‍ സിനിമയിലെ വാ വാ വോ എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാട്ടിലെ മഞ്ജുവിനെയും ഇന്ദ്രജിത്തിനെയും കണ്ടാല്‍ അഭിനയിക്കുകയാണെന്ന് തോന്നില്ല. അത്രയ്ക്ക് മനോഹരമായാണ് അവര്‍ ചെയ്തിരിക്കുന്നത്. മനു മഞ്ജിതിന്റെ വരികള്‍ക്ക് ടോണി ജോസഫ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഈ പാട്ട് പാടിയിരിക്കുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍നായികയായ നിത്യാ മേനോനും സുജിത് സുരേശനും ചേര്‍ന്നാണ്.
ഈ ഗാനം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നു നിത്യ പറയുന്നു. പാട്ടിനെക്കുറിച്ച് പറഞ്ഞപ്പോഴേ വളരെ ഇഷ്ടമായെന്നും, വളരെ ലളിതമായൊരു പാട്ടാണെന്നും പറഞ്ഞ നിത്യ, തന്റെ ശബ്ദത്തിന് വളരെ ചേര്‍ന്നതാണ് ഈ പാട്ടെന്നും കൂട്ടിച്ചേര്‍ത്തു.
‘നിരവധി വികാരങ്ങള്‍ ചേര്‍ത്തു പാടേണ്ട ഒരു പാട്ടാണിത്. കുട്ടിയെ കുറിച്ചാണ് പാടുന്നത്. ആ വികാരം പാടുമ്പോള്‍ ശബ്ദത്തില്‍ വരണം. എന്റെ ശബ്ദം അതിനു ചേര്‍ന്നതാണെന്ന് ടോണി ജോസഫിന് തോന്നിയതില്‍ വളരെ സന്തോഷമുണ്ട്. അദ്ദേഹം വളരെ കഴിവുള്ള ഒരു സംഗീതജ്ഞനാണ്. ഞാന്‍ ഇതുവരെ പാടിയതില്‍ ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത്,’ നിത്യ മേനോന്‍ പറഞ്ഞു.
പാട്ടുപാടിയ നിത്യ മേനോന് മഞ്ജുവാര്യര്‍ നന്ദിയറിയിച്ചു. ‘നന്ദി നിത്യ’ എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം നിത്യ നേരത്തേയും പാടിയിട്ടുണ്ട്. പോപ്പിന്‍സ്, നത്തോലി ഒരു ചെറിയ മീനല്ല, റോക്സ്റ്റാര്‍ എന്നീ മലയാളം ചിത്രങ്ങളിലാണ് നിത്യ പാടിയത്. ദുല്‍ഖര്‍ സല്‍മാനും നിത്യയും ചേര്‍ന്ന് അഭിനയിച്ച 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും നിത്യ പാടിയിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിത്യാ മേനോന്‍ മലയാളത്തില്‍ വീണ്ടും പാടുന്നത്.