ഡോക്ടറുടെ മരണം: ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി

തിരുവനന്തപുരം:റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചത് ചികിത്സപ്പിഴവുമൂലമാണെന്ന ആരോപണത്തില്‍ അന്വേഷണം തുടങ്ങി. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണം ആര്‍.സി.സി. അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാംദാസിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയതായി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റിയന്‍ അറിയിച്ചു. തിങ്കളാഴ്ചയോടെ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രവാസി ഡോക്ടറായ ഡോ.റെജി ജേക്കബാണ് തന്റെ ഭാര്യയുടെ മരണം ആര്‍.സി.സി.യിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലമാണെന്നു സാമൂഹികമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നത്.

കഴിഞ്ഞ മാസം ആര്‍സിസിയില്‍ വച്ച് തന്റെ ഭാര്യ മരിച്ചത് ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടര്‍ന്നായിരുന്നുവെന്ന് പറഞ്ഞാണ് കാന്‍സര്‍ ചികിത്സയിലിരിക്കെ മരിച്ച ഡോ. മേരി റെജിയുടെ ഭര്‍ത്താവ് ഡോ. റെജി ജേക്കബ് രംഗത്തെത്തി.

ചികിത്സിച്ച ഡോക്ടര്‍മാരുടെ പേരുകള്‍ സഹിതം എടുത്തു പറഞ്ഞാണു റെജി ജേക്കബ്ബ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വീഡിയോയിലൂടെയാണ് ഡോക്ടര്‍ തന്റെ ഭാര്യയ്ക്കു നേരിട്ട ചികിത്സ പിഴവുകള്‍ വ്യക്തമാക്കിയത്.

ലാപ്രോസ്‌കോപ്പിക് സര്‍ജനായ ഡോ. ചന്ദ്രമോഹന്‍, അനസ്‌തേഷ്യാ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍മാര്‍. ഡോ. ശ്രീജിത്ത് തുടങ്ങിയവരാണ് ഇക്കാര്യത്തില്‍ കുറ്റക്കാരെന്ന് ഡോ. റെജിജേക്കബ് പറയുന്നു. താനും തന്റെ മകളും ഡോക്ടര്‍മാരായിരുന്നിട്ടുകൂടി ഭാര്യക്ക് ഇത്തരമൊരു അവസ്ഥയുണ്ടായെങ്കില്‍ എന്തായിരിക്കും സാധാരണക്കാര്‍ക്ക് ആര്‍.സി.സിയില്‍ കിട്ടുന്ന ചികിത്സ? ഡോക്ടര്‍ ചോദിക്കുന്നു