കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പൊലീസ് മര്‍ദ്ദനം മൂലമെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ്. അടിവയറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. പൊലീസ് പിടികൂടിയപ്പോഴാണ് ഈ പരിക്കുണ്ടായതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം.
മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ പ്രത്യേക അന്വേഷണസംഘം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ശ്രീജിത്തിന്റെ മരണകാരണം പൊലീസ് മര്‍ദനം തന്നെയെന്ന് പറയുന്നത്. അടിവയറിനേറ്റ ഒറ്റക്ഷതമാണ് മരണകാരണമെന്ന് ബോര്‍ഡ് സ്ഥിരീകരിച്ചു. ഇത്തരത്തിലുള്ള മാരകക്ഷതമേറ്റാല്‍ ഒരാള്‍ക്ക് പരമാവധി 6 മണിക്കൂര്‍ മാത്രമേ സാധാരണനിലയില്‍ പെരുമാറാനാകൂ എന്ന് മെഡിക്കല്‍ ബോര്‍ഡ് അന്വേഷണസംഘത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നു. ഇക്കാരണത്താലാണ് ആറാം തീയതി വൈകുന്നേരം പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന് ഏഴാം തീയതി പുലര്‍ച്ചെ വയറുവേദനയുണ്ടായതെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുന്നു.
മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞുപോയിരുന്നു. ഭക്ഷണം കഴിച്ചത് അണുബാധ വര്‍ധിപ്പിച്ചു. ശ്രീജിത്തിന് ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു.
 
            


























 
				
















