ന്യൂഡല്‍ഹി: ഇന്ത്യയില്‍ പത്തുവര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങള്‍ 500 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യൂ (CRY) എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നിട്ടുള്ളത്. 2006 ല്‍ രാജ്യത്ത് കുട്ടികള്‍ക്കുനേരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ 18,967 ആയിരുന്നുവെങ്കില്‍ 2016 ല്‍ അത് 106,958 ആയി വര്‍ധിച്ചുവെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 50 ശതമാനവും ലൈംഗിക അതിക്രമങ്ങളാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 25 സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ഇത്തരത്തിലുള്ള കേസുകളില്‍ മൂന്നിലൊന്നും ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പറയുന്നു.
2015 നും 16 നുമിടെ രാജ്യത്തെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ 14 ശതമാനം വര്‍ധിച്ചുവെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ 15 മിനിട്ടിലും രാജ്യത്ത് ഏതെങ്കിലും കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടക്കുന്നുവെന്നും പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
 
            


























 
				
















