ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ നഴ്‌സുമാരുടെ ലോങ് മാര്‍ച്ച്

medical doctor with stethoscope. Over blue background

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോങ് മാര്‍ച്ച് നടത്തും. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച് 24ന് ആരംഭിക്കും. നഴ്‌സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും 24ന് ആരംഭിക്കും.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ഉത്തരവു സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കിയില്ലെങ്കില്‍ 24 മുതല്‍ ആശുപത്രികളില്‍ പണിമുടക്കുമെന്നു യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചിരുന്നു. പണിമുടക്ക് സമരം തുടങ്ങിയാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാവും.

ശമ്പളപരിഷ്‌കരണ ഉത്തരവ് കഴിഞ്ഞ ജനുവരിക്കു മുന്‍പ് ഇറക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ സംഘടന നടത്തിയ സമരത്തെത്തുടര്‍ന്നാണു നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയിരുന്നു. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീരുമാനമുണ്ടായി ഒന്‍പതു മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച ഉത്തരവു സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.